കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷി നശിപ്പിച്ചു
1424722
Saturday, May 25, 2024 1:32 AM IST
ആലക്കോട്: വന്യമൃഗശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതവേലി സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതായി പരാതി. ഉദയഗിരി പഞ്ചായത്തിലെ ജയഗിരി മേഖലകളിലാണ് കാട്ടാനയുടെ അക്രമണം തടയുന്നതിനായി സ്ഥാപിച്ച ഫെൻസിംഗ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
ഇതേതുടർന്ന് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി മാറുകയാണ്. നേരത്തെ ഈ പ്രദേശങ്ങളിൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചതിനെത്തുടർന്ന് കുറെ നാളുകളായി കാട്ടാന അടക്കമുള്ള വന്യമൃഗശല്യം ജയഗിരി മേഖലകളിൽ കുറഞ്ഞിരുന്നു. വൈദ്യുത വേലി നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ലക്ഷ്യമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കമ്പികൾ കൂട്ടി ക്കെട്ടി ഷോർട്ടാക്കിയും, കമ്പികൾ മുറിച്ച് മാറ്റിയുമാണ് വൈദ്യുത തൂക്കുവേലിയുടെ പ്രവർത്തനം തകരാറിലാക്കുന്നത്. ഇത് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
അതിനിടെ കർണാടക വനത്തിൽ നിന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി, ഒരാഴ്ചയായി ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയഗിരിയിലെ മനയാനിക്കൽ സോജന്റെ കൃഷിയിടത്തിലെ വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം എത്തുന്നത് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന വീട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.