മലയോര ഹൈവേ: റോഡിന്റെ സ്കെച്ച് പ്രദര്‍ശിപ്പിച്ച് ബിജെപി
1592623
Thursday, September 18, 2025 5:41 AM IST
ചക്കിട്ടപാറ: 1971ലെ സര്‍വെ പ്രകാരമുള്ള പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര പി.ഡബ്ല്യു.ഡി. റോഡിന്റെ എഫ്.എം.ബി. സ്കെച്ച് പുറത്ത് വിട്ട് ബി.ജെ.പി ചക്കിട്ടപാറ പഞ്ചായത്ത് കമ്മറ്റി.
ഇങ്ങനെ ഒരു സ്കെച്ചില്ലെന്ന പ്രചരണം നടത്തി ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ നടുവില്‍ നിന്ന് ഇരു ഭാഗത്തേക്കും ആറ് മീറ്റര്‍ വീതം അളന്നു 12 മീറ്റര്‍ വീതി നിര്‍ണയിച്ച് മലയോര ഹൈവേ നിര്‍മ്മിക്കുന്നതിനെതിരെ ചില വ്യാപാരികളും കെട്ടിട ഉടമകളും ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.
ഇവരുടെ കെട്ടിട സ്ഥല ഭാഗത്ത് ഹൈവേ നിര്‍മ്മാണം വിലക്കികൊണ്ടുള്ള ഉത്തരവ് നില നില്‍ക്കെയാണ് പാതയുടെ യഥാര്‍ത്ഥമെന്നു പറയുന്ന എഫ്.എം.ബി സ്കെച്ച് ബി.ജെ.പി പുറത്തു വിട്ടത്. ഇതിന്റെ പകര്‍പ്പ് ബോര്‍ഡ് രൂപത്തിലാക്കി അവര്‍ ചക്കിട്ടപാറ ടൗണില്‍ സ്ഥാപിച്ചു.
യഥാര്‍ത്ഥ അളവ് മറച്ച് വച്ച് ഹെവേ നിര്‍മ്മിക്കുന്നത് റോഡ് കൈയേറ്റക്കാരെ സംരംക്ഷിക്കാനാണെന്നും ഇതിനു കൂട്ടു നില്ക്കുന്ന ഇടത് വലത് വികസന വിരോധികളെ ജനം തിരിച്ചറിയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.