24 മണിക്കൂർ ഉപവാസം തുടങ്ങി
1592209
Wednesday, September 17, 2025 5:16 AM IST
കൊയിലാണ്ടി: നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന 300 മീറ്റർ നീളവും 10 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള എംബാങ്ക്മെന്റിന് പകരം എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആവശ്യവുമായി എൻഎച്ച് 66 നന്തി ജനകീയ കമ്മിറ്റി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
കനത്ത മഴ ലഭിക്കുന്ന പ്രദേശമായതിനാൽ മണ്ണ് കൊണ്ട് നിർമിക്കുന്ന എംബാങ്ക്മെന്റ് തകരാനും നന്തി ടൗണിൽ വെള്ളം കയറാനുമുള്ള സാധ്യത കൂടുതലാണ്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള നിർമാണരീതി കടുത്ത കുടിവെള്ളക്ഷാമവും കടുത്ത ചൂടും ഉണ്ടാക്കുമെന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
ഈ മാസം 23, 24 തീയതികളിൽ കേന്ദ്ര മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ നന്തിക്കാരുടെ ആവശ്യത്തിനായി പരമാവധി ശ്രമിക്കുമെന്ന് സമരപ്പന്തൽ സന്ദർശിച്ച വടകര എംപി ഷാഫി പറമ്പിൽ പറഞ്ഞു.