മദ്യപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച യുവാവ് പിടിയിൽ
1592196
Wednesday, September 17, 2025 4:51 AM IST
മുക്കം: മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവ് പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
മലപ്പുറം ജില്ലയിലെ കിഴിശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖാണ് ആക്രമണം നടത്തിയത്. ഇയാൾ മദ്യപിച്ച് പുറത്തിറങ്ങിയ ശേഷം താൻ വന്ന വാഹനംവച്ച സ്ഥലം മറന്നുപോവുകയും അത് അന്വേഷിച്ച് നടക്കുകയുമായിരുന്നു.
അതിനിടെയാണ് 400 മീറ്ററോളം അപ്പുറത്തുള്ള പോലീസ് സ്റ്റേഷൻ പരിസരത്തെത്തിയത്. ആദ്യം ചരൽ വാരി എറിയുകയും പോലീസുകാർ പിടിച്ചു മാറ്റുന്നതിനിടയിൽ ജീപ്പിന് കല്ലെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിൽ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.