പാലിയേറ്റീവ് പ്രവർത്തനം സുവിശേഷ ദൗത്യം: റവ. ഡോ. ബിനു കുളത്തിങ്കൽ
1592208
Wednesday, September 17, 2025 5:16 AM IST
കുളത്തുവയൽ: സ്നേഹത്തിൽ അധിഷ്ഠിതമായ സുവിശേഷ ദൗത്യമാണ് പാലിയേറ്റീവ് പ്രവർത്തനത്തിന്റെ കാതലെന്ന് സെന്റ് അൽഫോൻസാ പാലിയേറ്റീവ് ആൻഡ് ജെറിയാട്രിക് കെയർ താമരശേരി രൂപത ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുളത്തിങ്കൽ പറഞ്ഞു.
സംഘടനയുടെ കുളത്തുവയൽ മേഖലാ വോളണ്ടിയർ സംഗമം കുളത്തുവയൽ ഇടവക പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒപ്പമുണ്ട് എന്ന വിശ്വാസവും, സങ്കടം കേൾക്കാനും സാന്ത്വനിപ്പിക്കാനും സഹായിക്കാനും തന്റെ അരികെ ആളുണ്ട് എന്ന ആത്മ വിശ്വാസവും കിടപ്പു രോഗികളിൽ ജനിപ്പിക്കാൻ കഴിയുന്നിടത്താണ് ഓരോ പാലിയേറ്റീവ് വോളണ്ടിയറുടേയും പ്രവർത്തന വിജയപഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയറിന്റെ രൂപതാ പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ കൂനന്താനം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രസാദ് സിംഗ് ചന്ദ്രൻകുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് പ്രവർത്തന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ മേഖലാ പ്രസിഡന്റ് ജോസ് തോണക്കരയെ രൂപതാ ഡയറക്ടർ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
പാലിയേറ്റീവ് നഴ്സിംഗ് രംഗത്ത് 15 വർഷത്തിലധിക കാലമായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സ് സുബൈദ ബഷീറിനെ കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. തോമസ് കളരിക്കൽ ഉപഹാരം നൽകി ആദരിച്ചു. താമരശേരി രൂപതാ സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയറിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി സെബാസ്റ്റ്യനെ പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവക വികാരി ഫാ. ഏബ്രഹാം വള്ളോപ്പള്ളി പൊന്നാടയണിച്ച് ആദരിച്ചു.
ജോസ് തോണക്കര, ലിസി ജഗൻ മുക്കള്ളിൽ, റോസിലിൻ കല്ലൂര്, ഗ്രേസി കൊടൂർ എന്നിവർ പ്രസംഗിച്ചു. ജോസ് കുറൂർ, സ്വർഗകുമാർ, ജോഷി ചീങ്കല്ലേൽ, ബേബി പുതിയേടത്ത്, സോമൻ കപ്പലുമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.