പോലീസുകാരെ കൈകാര്യം ചെയ്യുമെന്ന് വീണ്ടും കെഎസ്യു നേതാവ്
1592607
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: കെഎസ്യു പ്രവര്‍ത്തകരെ കണ്ടാല്‍ പേപ്പട്ടികളെ പോലെ കടിച്ചു കീറുന്ന പോലീസുകാരെ കൈകാര്യം ചെയ്യുമെന്ന് കെഎസ്യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്. പ്രതിപക്ഷ പോഷക സംഘടനയായതിന്റെ പേരില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷകാലമായി തങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പല സമരങ്ങളിലും ക്രൂരമായി മര്‍ദിച്ചിട്ടും പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ല. അതേ സമയം കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരേ രോഷം കൊണ്ടതിന്റെ പേരില്‍ പരാതിയില്ലാതെ സ്വമേധയ കേസെടുത്തിരിക്കുകയാണ്. കേസിനെ ശക്തമായി നേരിടുമെന്നു വി.ടി സൂരജ് പറഞ്ഞു.
കെഎസ്യു നേതാക്കളായ ജോയല്‍ ആന്റണിയെയും രാഗിനെയും ഉള്‍പ്പെടെ കഴുത്തിന് പിടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉണ്ടായിട്ടും എന്ത് നടപടിയാണ് എടുത്തത് . ഇത്തരം പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രോല്സാഹിക്കുന്ന സര്‍ക്കാര്‍ നയത്തെ വകവച്ചു നല്കാന് തയ്യാറല്ല.
അകാരണമായി വേട്ടയാടല്‍ തുടര്‍ന്നാല്‍ അത്തരം പൊലീസുകാരെ കൈകാര്യം ചെയ്യുമെന്നും സൂരജ് ആവര്‍ത്തിച്ചു. 2023 ഡിസംബറില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡിഡിഇ ഓഫീസില്‍ എത്തിയതിന്റെ പേരിലാണ് കസബ സിഐ കൈലാസ്നാഥിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.
അന്ന് നല്കിയ മൊഴി പകര്‍പ്പിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കസബ സ്റ്റേഷനിലെ മര്‍ദന ദൃശ്യം ലഭിക്കാന്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും സൂരജ് വ്യക്തമാക്കി.