ദീര്‍ഘകാലസ്വപ്നം സാക്ഷാത്കരിച്ചു : കാറ്റുള്ളമല നിര്‍മ്മല സ്കൂളിന് പുതിയ ഗ്രൗണ്ട്
1592617
Thursday, September 18, 2025 5:41 AM IST
കാറ്റുള്ളമല: നിര്‍മ്മല യുപി സ്കൂളിന്റെ ദീര്‍ഘകാലത്തെ സ്വപ്നത്തിന് സാക്ഷാത്കാരം. പുതിയ ഫുട്ബോള്‍ ഗ്രൗണ്ട് ഉദ്ഘാടന ചടങ്ങ് പേരാമ്പ്ര എഇഒ കെ.വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്വന്തമായ ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി നിര്‍മ്മല സ്കൂള്‍ മറ്റ് സ്കൂള്‍ ഗ്രൗണ്ടുകളെയാണ് കായിക മത്സരങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്.
ആ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് പുതിയ ഫുട്ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടതിലൂടെ പൂര്‍ത്തിയായിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മ്മിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമം ആയിരുന്നു. കാറ്റുള്ളമല സെന്റ് മേരീസ് പള്ളി കൈകാരന്മാരുടെയും സ്കൂള്‍ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും അകൈതവമായ സഹകരണം ഉണ്ടായിരുന്നു ഗ്രൗണ്ട് നിര്‍മാണത്തിന്.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പിലാണ് സ്വപ്ന സാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക പി.ശ്രുതി, വാര്‍ഡ് മെമ്പര്‍ പി.കെ.ഷിജു, പിടിഎ പ്രസിഡന്റ് സിബി വടക്കേകുന്നേല്‍, സ്റ്റാഫ് പ്രതിനിധി ജസ്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പെനാലിറ്റി ഷൂട്ടിലൂടെ ഫാ.ജോസ് പെണ്ണാപറമ്പില്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.