പിണറായി രാജ്യദ്രോഹത്തിനു കൂട്ടുനില്‍ക്കുന്നു: എ.പി. അബ്ദുള്ളകുട്ടി
1574291
Wednesday, July 9, 2025 5:19 AM IST
ബാലുശേരി: പാക് ചാര വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ സര്‍ക്കാര്‍ ചെലവില്‍ കേരളത്തില്‍ കൊണ്ടുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന് മന്ത്രി മുഹമ്മദ് റിയാസും രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് ചാര വനിതയായ ജ്യോതി മല്‍ഹോത്രയ്ക്ക് യാത്രാകൂലിയും വേതനവും ഭക്ഷണവും താമസ സൗകര്യങ്ങളും നല്കാന് മന്ത്രി മുഹമ്മദ് റിയാസിന്റെ സര്‍ക്കാരിന് പണമുണ്ട്. എന്നാല്‍ പാവങ്ങളുടെ ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാന്‍ കാശില്ലെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, കെ. രജനീഷ് ബാബു, വൈസ് പ്രസിഡന്റുമാരായ ഷാന്‍ കട്ടിപ്പാറ, ശോഭാ രാജന്, ടി.എ. നാരായണന്, എം.സി. ശശീന്ദ്രന്, കെ. ശശീന്ദ്രന്, ജോസ് വാലുമണ്ണേല്‍ എന്നിവര്‍ സംസാരിച്ചു.