‘ഓട്ടോ തൊഴിലാളികളെ പോലീസിന്റെ ജോലി ഏല്‍പ്പിക്കരുത് ’
1574288
Wednesday, July 9, 2025 5:19 AM IST
കോഴിക്കോട്: പോലീസ് ചെയ്യേണ്ട ജോലി ഓട്ടോറിക്ഷ തൊഴിലാളികളെ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. ഇത് നിയമം കൈയിലെടുക്കുന്നതിന് പ്രേരണ നല്‍കുമെന്നും ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷ നിയന്ത്രിക്കുന്നതും ആളുകളെ കയറ്റുന്നതും നേരില്‍ കണ്ടിട്ടുള്ളതാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
2016 മുതല്‍ നഗരത്തില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്നയാള്‍ നല്കിയ പരാതിയിലാണ് നടപടി. ചില ഡ്രൈവര്‍മാരുടെ നിയമവിരുദ്ധ, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തതിന്റെ ഫലമായി തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ നടത്തുന്ന മയക്കുമരുന്ന് വിതരണത്തിനെതിരേ പരാതിപ്പെടാന്‍ ജീവഭയം കാരണം ആര്‍ക്കും കഴിയാറില്ല. റെയില്‍വേ പ്ലാറ്റ്ഫോം ഒന്ന്, നാല്, ആനി ഹാള്‍ റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് ഇവരുടെ താവളം. റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനരഹിതമാണെന്നും പരാതിയില്‍ പറയുന്നു.
റെയില്‍വേ പ്ലാറ്റ്ഫോമില്‍ എത്തുന്നവരെ തര്‍ക്കം കൂടാതെ ഓട്ടോയില്‍ കയറ്റിവിടാന്‍ സ്റ്റേഷനിലെ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെയില്‍വേ എയ്ഡ് പോസ്റ്റ് കൃത്യമായി പരിശോധിക്കാന്‍ നൈറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.