മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് നിർമാണം ദ്രുതഗതിയിൽ
1574066
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: നഗരവികസന പാത പദ്ധതിയുടെ ഭാഗമായി 24 മീറ്ററിൽ വീതി കൂട്ടുന്ന മാനാഞ്ചിറ – മലാപ്പറമ്പ് റോഡിന്റെ പ്രവൃത്തി 2026 ഫെബ്രുവരിക്കു മുൻപ് തീര്‍ക്കാന്‍ നിര്‍ദേശം.റോഡ് നിർമാണം പൂർത്തിയാകുന്നതോടെ എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വയനാട് റോഡിൽ മേൽപാലം നിർമിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നാണ് പിഡബ്ല്യുഡി വിഭാഗം പറയുന്നത്.
നിർമാണം 20 ദിവസം പിന്നിട്ടതോടെ മാനാഞ്ചിറ – മലാപ്പറമ്പ് റോഡിൽ പ്രവൃത്തികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. 30 മീറ്റർ വീതിയുള്ള പാലമാണ് എരഞ്ഞിപ്പാലത്തു നിർമിക്കുക. ഏറെ ഗതാഗതത്തിരക്കുള്ള ജംക്ഷനായതിനാൽ എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ് മുതൽ സിവിൽ സ്റ്റേഷനു താഴെ ചുള്ളിയോട് റോഡ് ജംഗ്ഷൻ വരെ മേൽപാലം നിർമിക്കാനാണ് ആലോചന.
വീതി കൂട്ടൽ പ്രവൃത്തി നടക്കുന്ന 5.32 കിലോമീറ്ററിൽ എരഞ്ഞിപ്പാലം ഒഴികെ മറ്റു സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എരഞ്ഞിപ്പാലത്ത് ഒരു സ്ഥലത്തിന്റെ ഉടമയുമായി കോടതി നടപടി തുടരുന്നതിനാൽ ഈ ഭാഗം മാത്രം ഒഴിവാക്കിയാണ് നിലവിൽ വികസനം നടക്കുന്നത്.
ഏറ്റെടുത്ത സ്ഥലത്ത് രണ്ട് മീറ്റർ വീതിയിൽ ഇരുഭാഗത്തും ഓടയ്ക്കും ഒപ്പം കേബിൾ ഡക്റ്റിനുമുള്ള പ്രവർത്തനമാണ് നടക്കുന്നത്. കഴിഞ്ഞ മാസം 16 നാണ് റോഡ് നവീകരണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 79.9 കോടിയോളം രൂപയാണ് നിർമാണച്ചെലവ്. രണ്ടു വശത്തും 8.5 മീറ്റർ വീതം വീതിയിലാണ് റോഡ്.