കക്കൂസ് മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്തവരെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു: മുസ്ലിംലീഗ്
1574072
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്:പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കല്ലായി പുഴ നികത്തി കക്കൂസ് മാലിന്യ പ്ലാന്റ് നിര്‍മിക്കാനുള്ള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പ്രദേശവാസികള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളകേസ് എടുത്ത് ദ്രോഹിക്കുകയാണെ് മുസ്ലിംലീഗ് ആരോപിച്ചു.
ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കക്കൂസ് മാലിന്യപ്ലാന്റ് നിര്‍മാണ പ്രവൃത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രദേശവാസികള്‍ കേസുമായി ഇപ്പോഴും കോടതി കയറുകയാണ്.
പ്രദേശവാസികളുടെ ന്യായമായ ആവശ്യത്തിന് പ്രതികരിച്ചതിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന വിധം സര്‍ക്കാര്‍ എടുത്തിട്ടുള്ള കള്ളകേസുകള്‍ ഉടനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൈനാംവളപ്പ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12ന് വൈകുന്നേരം 4.30 ന് പള്ളിക്കണ്ടി ബീച്ചില്‍ ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.വി. ശംസു, എന്‍.വി. ബാവ, കെ.ടി.സിദീഖ്, എസ്.വി. അശറഫ്, എന്‍.വി. അശറഫ്, എന്‍.വി. ഹംസകോയ, എന്‍.വി. അമീന്, എന്‍.വി. അബ്ദു , എന്‍.വി. അബൂബക്കര്‍, എന്‍.വി സലിം എന്നിവര്‍ പ്രസംഗിച്ചു.