സൈക്യാട്രിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
1573732
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 41-ാം സംസ്ഥാന സമ്മേളനം "സിപ്സ്കോൺ-25' ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹോട്ടല്‍ ടിയാരയില്‍ നടക്കും. കാലിക്കട്ട് സൈക്യാട്രിക് ഗില്‍ഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 300 ഡോക്ടര്‍മാര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കാലിക്കട്ട് സൈക്യാട്രിക് ഗില്‍ഡ് സെക്രട്ടറി ഡോ. ദയാല്‍ നാരായണ്‍ അറിയിച്ചു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി മുന്നൂറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും.
ഓഗസ്റ്റ് 22ന് രാവിലെ പൊതുജനങ്ങള്‍ക്കായുള്ള ബോധവത്കരണ പരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മനഃശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ബോധവത്കരണ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രശസ്ത സൈക്യാട്രിസ്റ്റുകളുമായി ആശയവിനിമയം നടത്താനും സംശയനിവാരണത്തിനും അവസരമൊരുക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ ഡോ. മോഹന്‍ സുന്ദരം, ഡോ. അനീസ് അലി, ഡോ.രാജ്മോഹന്‍ വേലായുധന് എന്നിവര്‍ അറിയിച്ചു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ അറുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് നടപ്പാക്കുന്നതിലെ പ്രായാഗിക ബുദ്ധിമുട്ടും വെല്ലുവിളികളും' എന്ന വിഷയത്തില്‍ രാജ്യാന്തര സിംപോസിയവും സംഘടിപ്പിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള സൈക്യാട്രിസ്റ്റുകളും നിയമവിദഗ്ധരും സിംപോസിയത്തില്‍ പങ്കെടുക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യം, ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആധുനിക രോഗനിര്‍ണയ സംവിധാനങ്ങൾ, മാനസിക രോഗങ്ങളില്‍ ജനിതകശാസ്ത്ര ഗവേഷണങ്ങളിലൂടെ ലഭ്യമായ പുതിയ അറിവുകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും.