സ്വകാര്യബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു
1574284
Wednesday, July 9, 2025 5:19 AM IST
കോഴിക്കോട്: സ്വകാര്യബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസുകള്‍ ഒന്നും റോഡില്‍ ഇറങ്ങിയില്ല. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്.
കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തിയതിനാല്‍ ചില റൂട്ടുകളില്‍ ചെറിയ ആശ്വാസമായി.സ്വകാര്യ ബസുകള്‍ കൂടുതല്‍ ഓടിയിരുന്ന ബാലുശേരി, മെഡിക്കല്‍ കോളജ്, മാവൂര്‍, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി.
രണ്ടു ബസുകളാണ് ഇതിനു വിനിയോഗിച്ചത്. യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ഓടിയത്. ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം റോഡില്‍ നിറഞ്ഞു. മിക്കവരും ഇരുചക്രവാഹനങ്ങളിലാണ് യാത്രചെയ്തത്. സ്വന്തമായി കാറുള്ളവര് അവയും ഉപയോഗപ്പെടുത്തി. ഓട്ടോറിക്ഷകളും ടാക്സികളും റോഡില്‍ സജീവമായിരുന്നു.