മലയോര മേഖലയിലെ ജനങ്ങള്‍ മുള്‍മുനയില്‍ : തേനരുവിയില്‍ കര്‍ഷകരുടെ കണ്ണീര് അരുവി തീര്‍ത്ത് കാട്ടാനക്കൂട്ടം
1574283
Wednesday, July 9, 2025 5:19 AM IST
പ്രതീഷ് ഉദയന്‍
കൂടരഞ്ഞി: മലയോര മേഖലയായ കൂമ്പാറ പീടികപ്പാറ തേനരുവിയില്‍ കര്‍ഷകരുടെ കണ്ണീര് വീഴ്ത്തി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിനോട് ചേര്‍ന്നു കിടക്കുന്ന തേനരുവി പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കാര്‍ഷിക വിഭവങ്ങളാല്‍ സമൃദ്ധമായ ഈ പ്രദേശത്തുനിന്ന് കാട്ടാനകള്‍ വിട്ടുപോകുന്നില്ല. ഇടയ്ക്ക് നിലമ്പൂര്‍ കൊടുപുഴ വനമേഖലയിലേക്ക് പോകുമെങ്കിലും വൈകാതെതന്നെ ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടാനകള്‍ ദിവസങ്ങള്‍ തമ്പടിച്ച് സകലതും ചവിട്ടിയരക്കുകയാണ്.
ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കുമെന്നാണ് കര്‍ഷകരുടെ ചോദ്യം. അതിനിടെ ഇന്നലെ രാത്രി തേനരുവി ഏബ്രാഹം ഏറ്റുമാനുക്കാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു.
കുറച്ചുകാലങ്ങളായി ഒറ്റയാന് ഈ പ്രദേശത്ത് ഭീതി വിതച്ചുകൊണ്ട് നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ബൈക്ക് യാത്രികന് ഒറ്റയാന്റെ മുമ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് സ്ഥലം സന്ദര്‍ശിച്ച് കാട്ടാനയെ തുരത്താന്‍ ഫോറസ്റ്റ്, ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വാഴ, പപ്പായ, മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, അവക്കാഡോ, സപ്പോട്ട, ജാതി, തെങ്ങ്, പ്ലാവ്, കൊക്കോ തുടങ്ങിയ ഫലവൃക്ഷ കൃഷി ഏറെയുള്ള പ്രദേശമാണ് തേനരുവി. അടുത്തകാലം വരെ ഇവിടുത്തെ ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങാന്‍ ആളുണ്ടായിരുന്നു. വന്യജീവികള്‍ ജീവനും സ്വത്തിനും ഭീഷണിയായതോടെ ഈ ഗ്രാമത്തില്‍ ഇപ്പോള്‍ ആളുകള്‍ പുറത്തിറങ്ങാനാകാതെ പകച്ചു നില്‍ക്കുകയാണ്.
ബാങ്ക് വായ്പയടക്കം ലഭ്യമാക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ വല്ലാത്ത ആശങ്കയിലാണ്. വര്‍ഷങ്ങള്‍ നട്ടുനനച്ചു പരിപാലിച്ചു വളര്‍ത്തിയെടുത്ത വിളകള്‍ ഒറ്റരാത്രികൊണ്ടു കാട്ടാനകള്‍ നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബാങ്ക് വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചോദ്യം കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളിയാവുകയാണ്. വന്യജീവി ശല്യം മൂലമുള്ള കൃഷിനാശത്തിനാകട്ടെ വനംവകുപ്പ് നാമമാത്രമായ തുകയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
"ജനങ്ങൾ വന്യമൃഗശല്യം മൂലം വലയുന്നു'
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്, കക്കാടംപൊയില്‍ മലയോര മേഖലയിലെ ജനങ്ങളാകെ വന്യമൃഗശല്യം മൂലം വലയുകയാണ്. ആന, കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ തമ്പടിക്കുന്നു.
വിവരം വനപാലകരെ അറിയിക്കുമ്പോള്‍ ജീവനക്കാരും വാഹനങ്ങളുമില്ലെന്നുള്ള മുടന്തന്‍ ന്യായീകരണങ്ങളാണ് ഉണ്ടാകുന്നതെന്ന് ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിന്‍സ് മാത്യു വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് മമ്പാട്ട്, സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.
നിരീക്ഷണം ഊര്‍ജിതമാക്കി വനംവകുപ്പ്
താമരശേരി ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള പീടികപ്പാറ സെക്ഷന്‍ അധീനതയിലുള്ള പ്രദേശമാണ് തേനരുവി. ഇവിടെ ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഊര്‍ജിതപ്പെടുത്തിയതായി സെക്ഷന്‍ ഓഫീസര്‍ പി. സുബീര്‍ അറിയിച്ചു. ആനക്കുട്ടത്തെ ഒട്ടേറെത്തവണ വിരട്ടിയോടിച്ചെങ്കിലും വീണ്ടും എത്തുകയാണ്.
ജില്ലാ അതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുക മാത്രമേ രക്ഷയുള്ളുവെന്നാണ് സെക്ഷന്‍ ഓഫീസറുടെ അഭിപ്രായം. എടവണ്ണ റേഞ്ചിനു കീഴിലുള്ള കൊടുമ്പുഴ സ്റ്റേഷന് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയതായി ഡെപ്യൂട്ടി റേഞ്ചര്‍ എ. നാരായണന് അറിയിച്ചു.