ബിന്ദുവിന്റെ മരണം മന്ത്രിമാര്‍ വരുത്തിയ മനപൂര്‍വമല്ലാത്ത നരഹത്യ: സണ്ണി ജോസഫ്
1574082
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് ബിന്ദു മരിക്കാനിടയായ സംഭവം മന്ത്രിമാര്‍ വരുത്തിയ മനപൂര്‍വമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
കെപിസിസി ആഹ്വാനംചെയ്ത സമര സംഗമം കോഴിക്കോട് ജില്ലാ തല പരിപാടി കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സണ്ണി ജോസഫ്.
മരണത്തിന്റെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെയുണ്ടെന്നും ജീവന് രക്ഷിക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് അവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോഗ്യമന്ത്രി കെട്ടിടം ഉരുട്ടിയിട്ട് കൊന്നതാണോ എന്നാണ് മന്ത്രി വി.എന്‍. വാസവന് ചോദിച്ചത്. അങ്ങനെ തങ്ങളാരും പറഞ്ഞിട്ടില്ല. എന്നാല്‍ ബിന്ദുവിന്റെ ഭര്‍ത്താവും മകളും അവരെ കാണുന്നില്ലെന്ന് പറഞ്ഞിട്ടും തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ ആരുമില്ലെന്ന നിലപാടെടുത്ത മന്ത്രിമാര്‍ രണ്ടേകാല്‍ മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, എം.കെ. രാഘവന് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ അഡ്വ.ടി. സിദ്ദിഖ്, എന്‍. സുബ്രഹ്മണ്യന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, അഡ്വ.പി.എം. നിയാസ്, കെ.എം. അഭിജിത്ത്, അഡ്വ. വിദ്യാ ബാലകൃഷ്ണന്, കെ. ബാലനാരായണന്‍, വി. ദിനേശ് മണി തുടങ്ങിയവര്‍ സംസാരിച്ചു.