ക്രൂരത മിണ്ടാപ്രാണികളോട്; സീതപ്പാറയില്‍ ഗര്‍ഭിണികളായ വളര്‍ത്തുപന്നികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
1536655
Wednesday, March 26, 2025 6:16 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് ആറാംവാര്‍ഡിലെ മുതുകാട് സീതപ്പാറയിലെ ഫാമില്‍ കയറി ഗര്‍ഭിണികളായ വളര്‍ത്തുപന്നികളെ ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ ക്രൂരമായി വെട്ടിപരിക്കേല്പിച്ചു. ഇന്നലെ കാലത്ത് ആറിനായിരുന്നു സംഭവം.
കര്‍ഷകനായ പുത്തന്‍പുരക്കല്‍ തോമസി (ടോമി)ന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലായിരുന്നു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഫാം ഉടമയുടെ പരാതിയില്‍ പെരുവണ്ണാമൂഴി പോലീസെത്തി മുതുകാട് താനിക്കണ്ടി നിജില്‍ ബാലകൃഷ്ണന് (37), മുതുകാട് മഞ്ഞിലത്തില് അഭിഷേക് ബാലന് (23), പേരാമ്പ്ര മരുതോറച്ചാലില്‍ അനുരാഗ് ശൈലേഷ് (31) എന്നിവരെ ഫാം പരിസരത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്തു.
മൂവര്‍ സംഘം പന്നികളെ പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഫാമിലെ തൊഴിലാളികളെ സംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. അഞ്ച് പന്നികളെ കയറ്റിയപ്പോഴേക്കും പരിസരവാസികള്‍ എത്തി തടഞ്ഞു.
ഇതിനിടയില്‍ വാഹനം മുന്നോട്ടെടുത്തെങ്കിലും കുഴിയില്‍ പെട്ടു കുടുങ്ങി. അരിശം മൂത്ത സംഘം പന്നികളെ തലങ്ങും വിലങ്ങും വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചു. ഗര്‍ഭിണിയായ രണ്ടെണ്ണത്തിനും ഒരു ആണ് പന്നിക്കുമാണ് വെട്ടേറ്റത്. ഇതിലൊന്നിനെ വണ്ടിയില്‍ കെട്ടി വലിക്കാനും ഇവര്‍ ശ്രമിച്ചു. കൂട്ടിലുണ്ടായിരുന്ന പന്നിക്കുഞ്ഞുങ്ങളെ വലിച്ചെറിയുകയും ചെയ്തു.
പന്നികളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ചക്കിട്ടപാറ വെറ്ററിനറി സര്ജന് ഡോ. ജിത്തു ഫാമിലെത്തി മുറിവേറ്റ പന്നികള്‍ക്ക് പ്രാഥമിക ചികിത്സ നല്കി.