മാങ്ങ പെറുക്കുന്നതിനിടെ ബസിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
1536611
Wednesday, March 26, 2025 5:34 AM IST
താമരശേരി: ദേശീയ പാതയില്‍ പൊട്ടിവീണ മാവിന്കൊമ്പിലെ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്.
താമരശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് അമ്പായത്തോട് അങ്ങാടിക്കു സമീപമാണ് അപകടമുണ്ടായത്.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. പരിക്കേറ്റ ബിബീഷ് കുമാര്‍ സ്കൂട്ടറിലും നാടന്‍പാട്ട് കലാകാരന് സതീഷ് കുമാര്‍ സുഹൃത്തിനോടൊപ്പം വയനാട്ടില്‍ നിന്നും കാറില്‍ വരികയുമായിരുന്നു.
റോഡിലേക്ക് മാവിന് കൊമ്പ് പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. ഈ സമയത്ത് വാഹനത്തില്‍ നിന്നും ഇറങ്ങി മാങ്ങ ശേഖരിക്കുന്നതിനിടെയാണ് ബസ് ഇടിച്ചത്.