കൂരാച്ചുണ്ട്- എരപ്പാൻതോട് റോഡ് നവീകരണം: യാത്രക്കാർ അപകടത്തിൽ പെടുന്നതായി ആക്ഷേപം
1536353
Tuesday, March 25, 2025 7:43 AM IST
കൂരാച്ചുണ്ട്: നവീകരണ പ്രവർത്തി നടക്കുന്ന പിഡബ്ല്യുഡി അധീനതയിലുള്ള കൂരാച്ചുണ്ട് - എരപ്പാൻതോട് റോഡിൽ യാത്രക്കാർ അപകടത്തിൽ പെടുന്നതായി ആക്ഷേപം. പ്രവർത്തി നടക്കുന്ന പതിയിൽ മുതൽ എരപ്പാൻതോട് വരെയുള്ള1.400 കിലോമീറ്റർ ഭാഗത്ത് നിലവിലെ ടാറിംഗ് പൂർണമായും പൊളിച്ചിട്ട നിലയിലാണ്.
നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന തിരക്കേറിയ ഈ റോഡിൽ യാത്ര ഏറെ ദുസഹമാണ്. കല്ലുകൾ ഇളകി തെറിച്ചു കിടക്കുന്നതിനാൽ നിരവധി ഇരുചക്ര വാഹന യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽപ്പെട്ടു. കയറ്റവും വളവുമുള്ള ആനപ്പാറ കവല ഭാഗത്താണ് ഏറെ അപകടകരമായ നിലയിൽ കല്ലുകൾ ചിതറി കിടക്കുന്നത്.
കൂട്ടാലിട ഭാഗത്തേക്ക് പോകാൻ ഇതുവഴി അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. റോഡിന്റെ പകുതിഭാഗം ടാറിംഗ് നടത്തി യാത്രക്കാർക്ക് സുരക്ഷിതമായി പോകാനുള്ള സംവിധാനം ഒരുക്കണമെന്നും ടാറിംഗ് പ്രവർത്തി എത്രയും വേഗത്തിൽ ആക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
നവീകരണം നടത്തുന്ന റോഡിന്റെ പല ഭാഗങ്ങളിലും ഓവുചാൽ നിർമാണം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താത്തത് മഴക്കാലമായാൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.