ദേവഗിരിയിൽ സുവർണജൂബിലി സംഗമം
1536056
Monday, March 24, 2025 5:42 AM IST
കോഴിക്കോട്: പുറത്തെ കത്തുന്ന ചൂടിലും ഗൃഹാതുരത്വത്തിന്റെ കുളിര്‍മ നുണഞ്ഞ് അവര്‍ ഒത്തുകൂടി. ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍നിന്ന് 1975ല്‍ പഠിച്ചിറങ്ങിയ അമ്പതോളംപേര്‍. കലാലയസ്മരണയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ അലുംമ്നി അസോസിയേഷനാണ് ഈ ഹൃദയസംഗമത്തിന് അരങ്ങൊരുക്കിയത്.
കോളജിലെത്തിയ സുവര്‍ണജൂബിലി ബാച്ചിലെ അമ്പതുപേരെ പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ് പൊന്നാടയണിയിച്ചു. 25 വര്‍ഷംമുമ്പു രണ്ടായിരത്തില്‍ കോളജില്‍നിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുകൂടലും വേറിട്ട അനുഭവമായി. പ്രത്യേക ക്ഷണിതാക്കളായിരുന്ന അവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
ദേവഗിരി കോളജിൽനിന്ന് ഈവർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ.ബോബി ജോസ്, കോളജിലെ പൂർവവിദ്യാർഥികളും ഈവർഷം സർവീസിൽ നിന്ന് വിരമിക്കുന്നവരുമായ കൊച്ചി സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസാ വിജയ് ജോസഫ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പൂർവവിദ്യാർഥികളായ ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് വി.കെ. പ്രശാന്ത്, കാലിക്കട്ട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ആനന്ദമണി, പാട്ടുകാരായ സുനിൽ കുമാർ, സലീഷ് ശ്യാം, ആതിര കൃഷ്ണൻ എന്നിവരെയും ആദരിച്ചു. കോളേജ് മാനേജർ ഫാ. പോൾ കുരീക്കാട്ടിൽ, മുൻ പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് വയലിൽ, ഡോ. ജോസ് ജോൺ മല്ലികശേരി,
അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, സെക്രട്ടറി പ്രഫ. ഇ.കെ. നന്ദഗോപാൽ, കോ-ഓർഡിനേറ്റർ പ്രഫ. ചാർലി കട്ടക്കയം, പൂർവവിദ്യാർഥികളായ റിട്ട. എസ്പി ടി.കെ. രാജ്മോഹൻ, അഡ്വ. ചാത്തുക്കുട്ടി, പ്രഫ. വി. ബി. സനീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സലീഷ് ശ്യാം, സുനിൽ കുമാർ, ആതിര കൃഷ്ണൻ എന്നിവർചേർന്ന് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.