ബഫർ സോൺ ഉത്തരവ് പിൻവലിക്കണമെന്ന്
1536054
Monday, March 24, 2025 5:42 AM IST
കൂരാച്ചുണ്ട്:പെരുവണ്ണാമുഴി ഡാം റിസർവോയറിന് ചുറ്റും 120 മീറ്റർ ദൂരം ബഫർ സോൺ പ്രഖ്യാപിച്ചു കൊണ്ടുള്ള ജലസേചന വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി ചേർന്ന അടിയന്തര യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ തൂവക്കടവ്, മുപ്പതാംമൈൽ, കരിയാത്തുംപാറ, കല്ലാനോട്, തോണിക്കടവ്, കാളങ്ങാലി, ഓട്ടപ്പാലം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന വാർഡുകൾ റിസർവോയറിനോട് ചേർന്നാണ് കിടക്കുന്നത്. ഭൂരിഭാഗം വരുന്ന വാർഡുകളും ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് ബഫർ സോൺ മൂലം ഭീഷണി നേരിടേണ്ടിവരുന്നത്.
ഭൂമി സംബന്ധമായ എല്ലാ രേഖകളും കൈവശം വച്ച് കർഷകർ കൃഷി ചെയ്തു താമസിച്ചുവരുന്ന പ്രദേശത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി പൂജ്യം പോയിന്റ് ബഫർ സോണാക്കി മാറ്റാനുള്ള നടപടികൾ ജലസേചന വകുപ്പ് സ്വീകരിക്കണമെന്നും നിലവിലെ ഉത്തരവ് പിൻവലിക്കണമെന്നും ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
സിപിഎം അംഗങ്ങളും കേരള കോൺഗ്രസ് - എം അംഗങ്ങളും യോഗ തീരുമാനത്തെ ഐക്യകണ്ഠേന അനുകൂലിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർലി ഏബ്രഹാം, സിമിലി ബിജു, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, വിൽസൺ പാത്തിച്ചാലിൽ, വിൻസി തോമസ്, എൻ.ജെ ആന്‍സമ്മ, അരുൺ ജോസ്, സിനി ഷിജോ, ജെസി ജോസഫ്, വിജയൻ കിഴക്കയിൽമീത്തൽ, റസീന യൂസഫ് എന്നിവർ പ്രസംഗിച്ചു.