ആശ്വാസമായി പഴവിപണി
1535633
Sunday, March 23, 2025 5:23 AM IST
കോഴിക്കോട്: കൊടും ചൂടിനൊപ്പം റംസാന് മാസ വ്രതം കൂടി വന്നതോടെ വിപണിയില്‍ താരമായി പഴങ്ങള്‍. സാധാരണ ചൂടും റംസാന് മാസവും എത്തുന്നതോടെ പഴങ്ങളുടെ വിലയും ഇരട്ടിയോളം കൂടുന്നതാണ്. എന്നാല്‍ ഇത്തവണ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല.
ആവശ്യക്കാര്‍ കൂടുതലുള്ള ചെറുനാരങ്ങ, വത്തക്ക, കൈതച്ചക്ക, ഷമാം തുടങ്ങിയവയ്ക്കെല്ലാം വില കുറവാണ്. ചെറുനാരങ്ങ കിലോ ചെറുത് 40, വലുത് 50, വത്തക്ക കിലോ 20, മഞ്ഞ വത്തക്ക 30, ഷമാം കിലോ 40, കൈതച്ചക്ക കിലോ 60 - 80 എന്നിങ്ങനെയാണ് വില.
കഴിഞ്ഞ വര്‍ഷം ചൂട് കൂടിയതോടെ ചെറുനാരങ്ങ വില 150 മുകളില്‍ എത്തിയിരുന്നു. ഇറക്കുമതി കുറഞ്ഞതും ആവശ്യക്കാര്‍ കൂടിയതുമായിരുന്നു വില കയറ്റത്തിന് കാരണമായത്. എന്നാല്‍ ഈ വര്‍ഷം ആവശ്യക്കാര്‍ക്കൊപ്പം ഇറക്കുമതിയും കൂടുതലാണെന്ന് പാളയത്തെ കച്ചവടക്കാര്‍ പറയുന്നു. ആന്ധ്രായില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് പ്രധാനമായും ചെറുനാരങ്ങ ജില്ലയിലേക്ക് എത്തുന്നത്.
പാപ്പായ കിലോ 40, നാരങ്ങ 40, കക്കിരി 25, ആപ്പിള്‍ 100-170, മുന്തിരി 80-100, മാങ്ങ 100-200, സപ്പോര്‍ട്ട് 50, പഴം 70, മൈസൂര്‍ പഴം 40, ഞാലിപ്പൂവന് 70, റോബസ്റ്റ് 40, അനാര്‍ 200, സ്ട്രോബറി ഒരു പെട്ടി 60രൂപ എന്നിങ്ങനെയാണ് മൊത്ത വിപണിയില്‍ പഴങ്ങള്‍ക്ക് വില.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങള്‍ എത്തുന്നത്. നാടന്‍ പഴങ്ങള്‍ മാത്രമല്ല തുര്‍ക്കി, ഇറ്റലി, ഇറാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന പഴങ്ങളും ലഭ്യമാണ്.
ചൂട് കൂടിയതോടെ ജ്യൂസ് കടകളിലും വഴിയോര പാനീയ കടകളിലും ആവശ്യക്കാര്‍ കൂടിയതും പഴങ്ങള്‍ക്ക് കച്ചവടം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ വിഷു, റമദാന്, ഈസ്റ്റര്‍ സീസണുകള്‍ ഒരുമിച്ചായതിനാല്‍ വില വര്‍ധിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ നിലവിലെ വില കുറവായതിനാല്‍ ആവശ്യക്കാരും കച്ചവടവും ഉണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.