പച്ചത്തേങ്ങ വില 61, വെളിച്ചെണ്ണയ്ക്കും വില ഉയരുന്നു
1535362
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: വിപണിയിൽപച്ചത്തേങ്ങ വില സർവകാല ററെക്കോര്ഡിലേക്ക്. പച്ചത്തേങ്ങ വില 61 രൂപയായി ഉയർന്നു. ഉത്തരേന്ത്യയിൽ ദീപാവലി സീസണായതിനാൽ ജനുവരിയിൽ പച്ചത്തേങ്ങയുടെ വില 60ൽ എത്തിയിരുന്നു. സീസൺ കഴിഞ്ഞതോടെ വില താഴേക്ക് പോയി. മാർച്ച് ആദ്യവാരത്തോടുകൂടിയാണ് വില ഉയരാൻ തുടങ്ങിയത്. അതാണ് നിലവിൽ 61ൽ എത്തിനിൽക്കുന്നത്. വില ഇനിയും ഉയരാനാണ് സാധ്യത.
പച്ചത്തേങ്ങയുടെ ചില്ലറ വിൽപ്പന വില ഗ്രാമ, നഗര പ്രദേശങ്ങളിൽ 65നും 70നും ഇടയിലാണ്. നിലവിൽ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ സീസണിൽ കുറ്റ്യാടി തേങ്ങ സുലഭമായി ലഭിച്ചിരുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കുറ്റ്യാടിയിൽനിന്നുള്ള പച്ചത്തേങ്ങയുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കാലാ -കാലങ്ങളിലുണ്ടായ തേങ്ങയുടെ വിലയിടിവ് കർഷകരെ നാളികേര കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിച്ചിരുന്നു. ഉത്പാദനച്ചെലവ് വർധിച്ചതോടെ നാളികേര കൃഷി പലരും പാതി വഴിയിൽ ഉപേക്ഷിച്ചു. ഇതാകട്ടെ നാളികേര ഉത്പാദനത്തിൽ വൻ ഇടിവുണ്ടാക്കി. കിലോക്ക് 25 ഉം 30രൂപ വരെയാണ് പച്ചത്തേങ്ങക്ക് ഇക്കാലത്ത് ഏറ്റവും ഉയർന്ന വിലയായി ലഭിച്ചിരുന്നത്. വന്യമൃഗശല്യവും കർഷകർക്ക് ഇരുട്ടടിയായി.
പച്ചത്തേങ്ങ വിലവർധന വെളിച്ചെണ്ണ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. വെളിച്ചെണ്ണ 10 ലിറ്ററിന് 2,470 രൂപയാണ് വില. ഒരാഴ്ചയായി വെളിച്ചെണ്ണയ്ക്കും വില ഉയർന്ന നിലയിലാണ്. വെളിച്ചെണ്ണ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.