ചെക്യാട് കൃഷിഭൂമിയിൽ തീപ്പിടിത്തം
1515033
Monday, February 17, 2025 4:55 AM IST
വൻ നാശനഷ്ടം
നാദാപുരം: കണ്ണൂർ - കോഴിക്കോട് ജില്ലകളുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചെക്യാട് കണ്ടിവാതുക്കലിൽ കൃഷിഭൂമിയിൽ വൻ തീപ്പിടുത്തം.
കണ്ണൂർ ജില്ലയിലെ വാഴമലയിലും കണ്ടി വാതുക്കലുമായി 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. കണ്ണൂർ ജില്ലയോട് ചേർന്ന വാഴമല മേഖലയിൽ ശനിയാഴ്ച തീപിടിച്ചിരുന്നു. വനം വകുപ്പ് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. വാഴമല ഭാഗത്ത് നിന്നും ഞായറാഴ്ച രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടർന്ന് കയറുകയായിരുന്നു.
വാഴമല റോഡിലെ കുട്ടക്കെട്ട് മേഖലയിൽ റബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയും കത്തി നശിച്ചു. പാനൂരിൽ നിന്നും അഗ്നിശമന സേന സ്ഥലത്ത് എത്തുകയുണ്ടായെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ കാരണം ഉൾഭാഗത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീ അഗ്നിശമന സേന അണക്കുകയും ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാർ കെടുത്തുകയുമുണ്ടായി.
തീ അണച്ചെങ്കിലും കൃഷിയിടങ്ങളിൽ പല ഭാഗത്ത് നിന്നും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. സമീപത്ത് ഏതാനും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. കൃഷി നാശത്തിന് പുറമെ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൈപ്പുകളും കത്തിനശിച്ചിട്ടുണ്ട്.
കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
കോഴിക്കോട് ജില്ലയുടെ വന മേഖലകളിലേക്ക് തീ പടരാതിരിക്കാൻ മേഖലയിൽ പല ഇടങ്ങളിലായി ഫയർ ലൈനുകൾ തീർത്തിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിൽ വന പാലകരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ചർ നിഖിൽ ജറോം അറിയിച്ചു.