സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കാർ പിടികൂടി
1512373
Sunday, February 9, 2025 4:32 AM IST
നാദാപുരം: എടച്ചേരി പോലീസ് സ്റ്റേഷനടുത്ത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഇന്നോവ കാർ പോലീസ് പിടികൂടി. ഓർക്കാട്ടേരി സ്വദേശിനി ഇല്ലത്ത് സോയയെയാണ് കാർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയത്. കാർ ഓടിച്ച കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഫാസിൽ (23) നെ എടച്ചേരി ഇൻസ്പെക്ടർ ടി.കെ. ഷിജു അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച്ച വൈകുന്നേരം 3.50 ഓടെയാണ് സംഭവം. ഓർക്കാട്ടേരി ഭാഗത്ത് നിന്നും പുറമേരിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയെ പിന്നിൽ നിന്നും വന്ന പി.വൈ.03.8993 ഇന്നോവ കാർ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞത്. സ്കൂൾ വിട്ട് വരുന്ന മകളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരാൻ പോകുമ്പോഴാണ് അപകടം.
തലക്കും കൈക്കും മറ്റും പരിക്കേറ്റ യുവതിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും കാറും പള്ളൂരിൽ നിന്നും പിടികൂടുകയായിരുന്നു.
ഇന്നോവ കാറിന്റെ കണ്ണാടിയുടെ മേൽ ഭാഗം സംഭവസ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇത് വാഹനത്തെ തിരിച്ചറിയാൻ പോലീസിന് സഹായകമായി. ഓർക്കാട്ടേരി, എടച്ചേരി ടൗണുകളിൽ സ്ഥാപിച്ച സിസിടിവികളിൽ ഇന്നോവ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
ഓർക്കാട്ടേരിയിലെ സിസിടിവിയിൽ പതിഞ്ഞ കാറിന്റെ കണ്ണാടി മുഴുവനായും ഉണ്ടായിരുന്നു. എടച്ചേരി പിന്നിട്ടതോടെ കണ്ണാടിയുടെ മേൽഭാഗം നഷ്ടപെട്ടിരുന്നു. ഈ വഴിക്കുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
സംഭവത്തിൽ പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് ചെയ്തതായി ഇൻസ്പെക്ടർ പറഞ്ഞു.