കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പദവി: ഡിസിസിയുടെ നടപടിയിൽ പ്രതിഷേധം
1511627
Thursday, February 6, 2025 4:47 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് പുറത്തായ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെടുത്ത തീരുമാനത്തിൽ കൂരാച്ചുണ്ടിലെ കോൺഗ്രസിൽ പ്രതിഷേധം. മുസ്ലീം ലീഗ് - എൽഡിഎഫ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ അഞ്ച് അംഗങ്ങൾക്ക് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വിപ്പ് നൽകിയത് വേദനാജനകമാണ്. ഈ വിഷയത്തിൽ മണ്ഡലം ഭാരവാഹികളിലും പ്രവർത്തകർക്കിടയിലും പ്രതിഷേധമുയർന്നിരുന്നു.
പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനിരിക്കെ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഡിസിസി തയാറാകുന്നില്ലെന്ന് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരായ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെയും പഞ്ചായത്ത് പ്രസിഡന്റായിരുന്ന പോളി കാരക്കടയെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത ഡിസിസിയുടെ നടപടിയിൽ അന്വേഷണം നടത്തി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗിന് നൽകാൻ കഴിയില്ലെന്നും അറിയിച്ചു.
ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പഞ്ചായത്തിലെ 9 കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരും 6 മണ്ഡലം ഭാരവാഹികളും, പോക്ഷക സംഘടനാ ഭാരവാഹികളും ഒപ്പിട്ടുള്ള പരാതി കെപിസിസി പ്രസിഡന്റിന് നൽകിയതായും നേതാക്കൾ പറഞ്ഞു.
ഈ വിഷയത്തിൽ മുസ്ലീം ജില്ലാ നേതൃത്വം ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ സ്വാധീനം ചെലുത്തിയുണ്ടാക്കിയ വ്യാജ എഗ്രിമെന്റിന്റെ മറവിൽ കൂരാച്ചുണ്ടിലെ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന ശ്രമത്തെ കെപിസിസി ഗൗരവത്തോടെ കാണണം. 2020-ലെ തെരഞ്ഞെടുപ്പിൽ കൂരാച്ചുണ്ടിലെ യുഡിഎഫിൽ ഉണ്ടായ അഭിപ്രായഭിന്നത ഡിസിസി ഗൗരവത്തോടെ കൈകാര്യം ചെയ്യാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പാർട്ടിയിൽ നിന്നും പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തുകൊണ്ട് ഡിസിസി നീതി കാണിക്കണമെന്ന് മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ കെ.സി. മൊയ്തീൻ, സിബി കാരക്കട, മണ്ഡലം വൈസ് പ്രസിഡന്റ് സുനീർ പുനത്തിൽ, ഒമ്പതാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് തോമസ് ആനിക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.