സിപിഎം ജില്ലാസമ്മേളനം 29 മുതല്‍ വടകരയില്‍
1507973
Friday, January 24, 2025 5:03 AM IST
കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന് 29 വടകരയില്‍ തുടക്കമാവും. മൂന്നുദിവസങ്ങളിലായി വടകര നാരായണ നഗറില്‍ പ്രത്യേകം തയാറാക്കിയ കോടിയേരി ബാലകൃഷ്ണന് നഗറില്‍ രാവിലെ പത്തിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിണറായി വിജയന് മൂന്നുദിവസവും വടകരയില്‍ ക്യാമ്പ് ചെയ്യും. മുഖ്യമന്ത്രിയ്ക്ക് പുറമേ പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്, എളമരം കരീം, പി.കെ. ശ്രീമതി, പി. സതീദേവി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും സമ്മേളനത്തിലുടനീളമുണ്ടാകും. സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് 31 ന് വൈകിട്ട് വടകരയില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.
അരലക്ഷത്തോളം പേര് സമ്മേളന റാലിയില്‍ പങ്കാളികളാകും. ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 439 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 500 ലേറെ പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കൊയിലാണ്ടിയിലെ രക്തസാക്ഷി സത്യനാഥിന്റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും കൊടിമരം വാണിമേല്‍ കെ.പി കുഞ്ഞിരാമന്റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നുമാണ് കൊണ്ടുവന്നത്. 21ന് സ്വാഗതസംഘം െചയര്പേഴ്സണ് ബിന്ദുവാണ് പതാക ഉയര്‍ത്തിയത്. 2015-ല്‍ ജില്ലാ സമ്മേളനം വടകരയിലാണ് നടന്നത്.
മുസ്ലിംലീഗ് പ്രകടമായി എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണെന്ന് മോഹനന് പറഞ്ഞു.ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഇതുവരെ കൈകോര്‍ത്തിട്ടില്ല. താല്‍ക്കാലിക രാഷ്ട്രീയനേട്ടമാണ് ലീഗ് ലക്ഷ്യമിടുന്നത്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് ആദരീയനായ വ്യക്തിത്വമാണെന്നും മതരാഷ്ട്രീയവാദത്തിനും തീവ്രവാദത്തിനുമെതിരേ ശക്തമായ നിലപാട് എടുത്ത നേതാവാണെന്നും അദ്ദേഹം പറഞ്ഞു.