ഉയരങ്ങളെ സ്നേഹിച്ച രാജകുമാരൻ
1486378
Thursday, December 12, 2024 2:49 AM IST
തിരുവമ്പാടി: സിയാച്ചിനിലെ മഞ്ഞുപാളിയിൽ ഇരുപതിനായിരം അടി ഉയരത്തിൽ പറന്നിറങ്ങി മലയോരത്തിന്റെ അഭിമാനമായിരിക്കുകയാണ് പ്രണോയ് റോയ്. പുല്ലൂരാംപാറ കരാട്ടെ അധ്യാപകനായ കുബ്ലാട്ടുകുന്നേൽ റോയ് - അൽഫോൻസാ ദമ്പതിമാരുടെ മകൻ പ്രണോയ് റോയ് സിയാച്ചിനിൽ ഹെലികോപ്റ്റർ ഇറക്കിയ ആദ്യനേവി പൈലറ്റ് എന്ന അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ്.
ചെറുപ്പം മുതൽ സാഹസികതയിൽ താൽപര്യം കാണിച്ച പ്രണോയ് പിതാവിന്റെ പിന്തുണയോടെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ഹോൾഡറാണ്. 614 (1) ബ്രിഗേഡിലെ അംഗമായ പ്രണോയ് റോയ് സൈന്യത്തിന്റെ പുതിയ സംരംഭമായ നേവി, ആർമി, എൻഫോഴ്സ് ക്രോസ് അറ്റാച്ച്മെന്റിൽ ചേർന്നിരുന്നു. പത്താം ക്ലാസുവരെ മുക്കം പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂളിൽ പഠിച്ച ഇദ്ദേഹം തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്.
തുടർന്ന് വിശാഖപട്ടണത്ത് ബിടെക് (നേവൽ ആർകിടെക്ചർ) പൂർത്തിയാക്കി. 2019-ലാണ് നേവിയിൽ ചേരുന്നത്. ഹെലികോപ്റ്റർ പൈലറ്റായി മുംബൈയിൽ ജോലി ചെയ്തു. ഒരു വർഷമായി ആർമിയുടെ ലേ യൂണിറ്റിലാണ് പൈലറ്റായി ജോലി ചെയ്യുന്നത്. സഹോദരി അനഘ റോയ് ആർമിയിലെ നഴ്സിംഗ് ക്യാപ്റ്റനാണ്. സഹോദരൻ അശ്വിൻ റോയ് കാനഡയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്.