കാരശേരി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ഉജ്ജ്വല വിജയം
1486373
Thursday, December 12, 2024 2:49 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ 18-ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം. 234 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്. ആകെ പോൾ ചെയ്ത 1570 വോട്ടുകളിൽ യുഡിഎഫ് സ്ഥാനാർഥി കൃഷ്ണദാസൻ കുന്നുമ്മൽ 879 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ഷാജു 645 വോട്ടുകളും കരസ്ഥമാക്കി.
ബിജെപി സ്ഥാനാർഥി വിജേഷ് 38 വോട്ടുകളും നേടി. യുഡിഎഫ് ശക്തികേന്ദ്രമായ ഒന്നാം ബൂത്തിൽ യുഡിഎഫ് 507 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്ഥാനാർഥിക്ക് 321 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപിക്ക് 24 വോട്ടുകളും ലഭിച്ചു. ഈ ബൂത്തിൽ യുഡിഎഫ് 186 വോട്ടുകളുടെ ലീഡ് നേടി. ഇടത് പ്രതീക്ഷയായിരുന്ന രണ്ടാം ബൂത്തിൽ യുഡിഎഫ് 372 വോട്ടുകളും എൽഡിഎഫ് 324 വോട്ടുകളും ബിജെപി 14 വോട്ടുകളും നേടി. രണ്ടാം ബൂത്തിൽ ഇടത് മുന്നണി 48 വോട്ടുകൾക്ക് പിന്നിലായത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
രണ്ട് ബൂത്തുകളിൽ നിന്നായി സ്വതന്ത്രന് എട്ട്വോട്ടുകൾ ലഭിച്ചു. പഞ്ചായത്തംഗമായ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.