കക്കയം ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിനെ തുരത്താൻ ആർആർടി ഉദ്യോഗസ്ഥരെത്തി
1486232
Wednesday, December 11, 2024 7:31 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടുപോത്തുകളിറങ്ങി ഭീതി പടർത്തിയ സാഹചര്യത്തിൽ താമരശേരി ആർആർടി ഉദ്യോഗസ്ഥരെത്തി മേഖലയിൽ പരിശോധന നടത്തി. ഡാം സൈറ്റ് റോഡിലെ മഞ്ജുള എസ്റ്റേറ്റ് ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടെത്തുകയും അവയെ തുരത്തി വനത്തിലേക്ക് കയറ്റി വിടുകയും ചെയ്തതായി വനപാലകർ അറിയിച്ചു.
25 അംഗങ്ങൾ അടങ്ങിയ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങിയത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കും പ്രദേശവാസികൾക്കും ഭീഷണിയായി തീർന്നിരുന്നു. എന്നാൽ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നതിനെ തടയാൻ വനംവകുപ്പ് വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് ഉറപ്പുനൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. പ്രതീഷ്, കക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ചർ പി.ടി. ബിജു, താമരശേരി ആർആർടി അംഗങ്ങളായ ബഷീർ പി. അമ്മദ്, ബിഎഫ്ഒമാരായ രജീഷ്, ബ്രിജേഷ്, വിജേഷ്. ലിബേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.