പാലത്തിന്റെ പാർശ്വഭിത്തി തകർന്ന സംഭവം: പാലം പ്രവൃത്തി പുനരാരംഭിച്ചു
1480749
Thursday, November 21, 2024 6:13 AM IST
മുക്കം: കാരശേരി- കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിലേക്ക് പതിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ്. അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിനി, എ.ഇ. ബിജു എന്നിവരുമായാണ് ചർച്ച നടത്തിയത്. പ്രവൃത്തിയിലെ അശാസ്ത്രീയതയും നാട്ടുകാരുടെ ആശങ്കയും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ബദൽ സംവിധാനമൊരുക്കാതെയുള്ള പ്രവൃത്തി മൂലം നാട്ടുകാർ മാസങ്ങളായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കാനും ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനും നിർദേശം നൽകി.
അതോടൊപ്പം പാർശ്വഭിത്തി തകർന്ന ഭാഗത്തെ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കാനും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിച്ച് ഈ ഭാഗത്തെ മുഴുവൻ പോരായ്മകളും പരിഹരിച്ച് പ്രവൃത്തിയാരംഭിക്കാനും ധാരണയായി.
കോട്ടമുഴി പാലം ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ടി മൻസൂർ, കെ.പി. അബ്ദു റഹിമാൻ, എ.എം.സി. വഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.