പുഞ്ചിരിമട്ടം ദുരന്തം: കേന്ദ്ര നിലപാട് മനുഷ്യത്വരഹിതമെന്ന് ഡോ. എ.പി. അബ്ദുൾ ഹക്കിം അസ്ഹരി
1480252
Tuesday, November 19, 2024 6:29 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പ്രത്യേക സാന്പത്തിക സഹായം നൽകാനും സന്നദ്ധമാകാത്ത കേന്ദ്ര സർക്കാർ നിലപാട് മനുഷ്യത്വരഹിതവും പക്ഷപാതപരവുമാണെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി. അബ്ദുൾ ഹക്കിം അസ്ഹരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രകൃതിദുരന്തമുണ്ടായ മറ്റു സംസ്ഥാനങ്ങൾക്കു അടിയന്തര സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സമാനതകളില്ലാത്ത ദുരന്തമാണ് പുഞ്ചരിമട്ടത്ത് ഉണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് ഉരുൾപൊട്ടലിൽ 251 പേർ മരിച്ചു. 47 പേരെ കാണാതായി. ആയിരത്തിലേറെ വീടുകൾ വാസയോഗ്യമല്ലാതായി. ദുരന്താനന്തര പ്രവർത്തനങ്ങൾക്ക് എത്ര തുക ലഭിച്ചാലും മതിയാകാത്ത സാഹചര്യമാണുള്ളത്. എന്നിട്ടും കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
ഇത് തിരുത്തേണ്ടതുണ്ട്. നിസാര ന്യായങ്ങൾ പറഞ്ഞാണ് സഹായം നിഷേധിക്കുന്നത്. ഇതിന്റെ ഗൗരവം മനസിലാക്കി കോടതി ഇടപെട്ട് കേന്ദ്ര സഹായം ലഭ്യമാക്കേണ്ടതുണ്ട്. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദേശസാത്കൃത ബാങ്കുകളിൽ ദുരന്തബാധിതർക്കുള്ള കടം എഴുതിത്തള്ളാൻ നിർദേശം നൽകുക തുടങ്ങി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽവച്ച പ്രധാന ആവശ്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് രാജ്യാന്തരതലത്തിൽ ഫണ്ട് ശേഖരണം നടത്താൻ കഴിയും. എന്നിരിക്കേ കേന്ദ്ര സർക്കാർ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണം.
വീടുകളുടെ വാടകയും ദൈനംദിന സഹായവും പുനരധിവാസവും പ്രതിസന്ധിയിലാകാതിരിക്കാൻ ദുരന്ത വേളയിൽ സഹായ വാഗ്ദാനം പ്രഖ്യാപിച്ചതും ഫണ്ട സമാഹരണം നടത്തിയതുമായ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും യോഗം സംസ്ഥാന സർക്കാർ വിളിക്കണം. പുനരധിവാസ പ്രവർത്തനങ്ങളിൽ ഏകോപനം ഉണ്ടാക്കണം. ജീവിതം തിരിച്ചുപിടിക്കുന്നതിൽ ദുരന്തബാധിതരെ സഹായിക്കണം. സ്ഥിരം പുനരധിവാസം വൈകാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം.
വനം-വന്യജീവി സംരക്ഷണം അനിവാര്യവും പ്രധാനവുമാണ്. അതേസമയം മനുഷ്യജീവനും ഉപജീവനമ മാർഗങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഉപേക്ഷ ഉണ്ടാകരുത്. വന്യജീവികൾ അധികമായി നാട്ടിലിറങ്ങുന്നതിന്റെ കാരണങ്ങൾ പഠിച്ച് പരിഹാരം കാണണം. മനുഷ്യ-വന്യജീവി സംഘർഷ മഖലകളിൽ ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളും പ്രത്യേക പരിഹാര ശ്രമങ്ങളും ആവശ്യമാണ്. വന്യജീവി ക്രമണം കൂടിവരുന്ന സാഹചര്യത്തിൽ വനം വകുപ്പിനെ ആധുനികവത്കരിക്കാനും സംവിധാനങ്ങൾ വിപുലപ്പെടുത്താനും നടപടി സ്വീകരിക്കണം.
വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള സമാശ്വാസധനവും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരവും വർധിപ്പിക്കണമെന്നും ഡോ.എ.പി. അബ്ദുൾ ഹക്കിം അസ്ഹരി പറഞ്ഞു.
എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, വൈസ് പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി, ജില്ലാ പ്രസിഡന്റ് ബഷീർ സഅദി, സെക്രട്ടറി ലത്തീഫ് കാക്കവയൽ എന്നിവരും പങ്കെടുത്തു.