വയനാടിനൊരു കൈത്താങ്ങ്: ഓമശേരി ജനകീയ സമിതി ഭാരവാഹികള്‍ ചര്‍ച്ച നടത്തി
1480239
Tuesday, November 19, 2024 6:29 AM IST
താമരശേരി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നതിനായി ഓമശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ സമിതിയുടെ ഭാരവാഹികള്‍ മേപ്പാടി പഞ്ചായത്തധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തി. ജനകീയ സമിതി ഫണ്ട് സമാഹരണ യജ്ഞത്തിലൂടെ സ്വരൂപിച്ച തുക ദുരന്തബാധിതര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ചയില്‍ രൂപമായി.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ത്വരിത ഗതിയില്‍ പ്രവര്‍ത്തനം തുടങ്ങാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കൂടിക്കാഴ്ച്ചയില്‍ തീരുമാനിച്ചു. ഓമശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മേപ്പാടി പഞ്ചായത്തധികൃതര്‍ പറഞ്ഞു.
മേപ്പാടി പഞ്ചായത്ത് ഹാളില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഓമശേരി ജനകീയ സമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ.ഗംഗാധരന്, ജന.കണ്‍വീനറും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കരുണാകരന്, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീന്‍ കൊളത്തക്കര, കെ.ആനന്ദ കൃഷ്ണന്, കോ ഓര്‍ഡിനേറ്റര്‍ പി.എ.ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ബി.നാസര്‍, രാജു ഹെജമാഡി, സി.കെ.നൂറുദ്ദീന്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.