വട്ടപ്പാട്ടില്‍ ഒന്നില്‍ തൊട്ട് !
1480746
Thursday, November 21, 2024 6:13 AM IST
കോഴിക്കോട്: വട്ടപ്പാട്ടില്‍ വീണ്ടും കരുത്ത് തെളിയിച്ച് കൊയിലാണ്ടി ഐസിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
2017 മുതല്‍ വട്ടപ്പാട്ടില്‍ മറ്റൊരു ടീമിനും വട്ടം പിടിക്കാന്‍ ഈ സ്കൂള്‍ സമ്മതിച്ചിട്ടില്ല. സജാദ് വടകരയുടെ നേതൃത്വത്തില്‍ നിസാര്‍ കാപ്പാട്, റാഫത്ത്, നിഹാല്‍, ആദിനാന്‍ എന്നിവരാണ് പത്തംഗ സംഘത്തെ വട്ടപ്പാട്ട് പഠിപ്പിച്ചത്. വേദിയില്‍ വിദ്യാര്‍ഥികള്‍ നിറഞ്ഞാടിയപ്പോള്‍ ഒരിക്കല്‍ കൂടി ഒന്നാം സ്ഥാനം ഈ സ്കൂളിനെ തേടി എത്തി.കഴിഞ്ഞ വര്‍ഷം സബ്ജില്ലയിലും, ജില്ലയിലും ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ വട്ടപ്പാട്ട് മല്‍സരം കാണികള്‍ക്ക് വേറിട്ട അനുഭവമായി.സുലൈമാന്‍ നബിയുടെ വിവാഹം വര്‍ണിക്കുന്ന വട്ടപ്പാട്ടാണിത്. തൂവെള്ള നിറത്തിലുള്ള മുണ്ടും, ഷര്‍ട്ടും, തലയില്‍ക്കെട്ടുമാണ് വേഷം. പത്ത് അംഗങ്ങളുള്ള സംഘം വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെയാണ് വേദികളില്‍ അരങ്ങേറുന്നത്. ഒപ്പനയുമായി സാമ്യമുണ്ടെങ്കിലും വട്ടപ്പാട്ടും ഒപ്പനയും തമ്മില്‍ വ്യത്യാസങ്ങളേറേയാണ്.