സര്‍ക്കാരിനെതിരായ മാധ്യമ വിമര്‍ശനം ക്രിയാത്മകമാകണം: സ്പീക്കര്‍
1480251
Tuesday, November 19, 2024 6:29 AM IST
കോഴിക്കോട്: സര്‍ക്കാരിനെതിരായ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം പല ഘട്ടത്തിലും നശീകരണത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബിന്റെ വിവിധ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനത്തിനു ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ട്. വാര്‍ത്ത നല്‍കുംമുമ്പ് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. വാര്‍ത്തകള്‍ ആ വ്യക്തിയുടെ ധാര്‍മികത തകര്‍ക്കുന്നതാകരുത്. ആരെയും വിമര്‍ശിക്കാം. ചോദ്യങ്ങള്‍ ചോദിക്കാം.
രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പാരമ്പര്യമുള്ള നേതാക്കളോടു ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വിനയം വേണം. ബഹുമാനം കൊടുത്താലേ തിരിച്ചും ബഹുമാനം കുട്ടുകയുള്ളു. ഗിവ് ആന്‍ഡ് ടേക്ക് ആയിരിക്കണം സമീപനം. ബ്രേക്കിംഗ് ന്യൂസുകള്‍ പലതും വസ്തുതകള്‍ പരിശോധിക്കാതെയാണ് പുറത്തുവിടുന്നത്. മത്സരമാണ് ഈ രംഗത്ത്. സംഘടിത ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ബ്രേക്കിംഗിലൂടെ ഒരാളെ അടിക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് എല്ലാ ചാനലുകളും ഏറ്റെടുക്കും. പിന്നെ ശരിയാക്കലാണ് നടക്കുക. അന്തിചര്‍ച്ചകള്‍ പലതും പോലീസ് മുറയിലാണെന്നും സ്പീക്കര്‍ പറഞ്ഞു.
രാജ്യത്തെ മാധ്യമ പ്രവര്‍ത്തനം അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. കൊലചെയ്യപ്പെടുന്നു. ജയിലില്‍ അടയ്ക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന പന്ത്രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ പത്തുവര്‍ഷ ചരിത്രത്തില്‍ അതു ശരിവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ അവരെ പെരുമ്പാമ്പ് വിഴുങ്ങുംപോലെ വിഴുങ്ങുക എന്നാതണ് കേന്ദ്ര നയം. ചെറത്തുനില്ക്കുന്നവരെ വേട്ടയാടന്നു.
ഭരണതലത്തിലുള്ള വേട്ടയാടലാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ തിരുത്തല്‍ ശക്തയായി നിലക്കൊള്ളണം. രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം നടക്കുമ്പോള്‍ ഒന്നിച്ചുനിന്നു ചെറുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സജിത്ത്, കെയുഡബ്ള്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, കെഡിഎഫ്എ പ്രസിഡന്റ് ഷാജേഷ് കുമാര്‍, പി.പ്രജിത്ത്, പി.വി. ജോഷില എന്നിവര്‍ പ്രസംഗിച്ചു.