ഖൽബ് നിറയ്ക്കാൻ ‘കലാമധുരം’
1480238
Tuesday, November 19, 2024 6:29 AM IST
കോഴിക്കോട്: യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്നുതുടക്കം. ഇന്ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 23 വരെ 20 വേദികളിലായാണ് മത്സരം. എണ്ണായിരത്തോളം കുട്ടികള്‍ കലാമത്സരത്തിന്റെ ഭാഗമാകും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എച്ച്എസ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും. മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. 319 ഇനങ്ങളിലാണ് മത്സരം. മാന്വല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറും.
അച്യുതന് ഗേള്‍സ് ഹൈസ്കൂള്‍, സാമൂതിരി സ്കൂള്‍,വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, ബിഇഎം എച്ച്എസ്എസ്, പ്രൊവിഡന്‍സ് എച്ച്എസ്എസ്, പ്രൊവിഡന്‍സ് എല്‍പി, സെന്റ് ആഞ്ചലോസ് യുപി, ഗണപത് ബോയ്സ് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നടക്കാവ്, സെന്റ് ആന്റണീസ് യുപിസ്കൂള്‍, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ഹിമായത്തുല്‍ എച്ച്എസ്എസ്, അച്യുതന് ഗേള്‍സ് എല്‍പി, പരപ്പില്‍ എംഎംഎച്ച്എസ്എസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് തുടങ്ങിയവ വേദികളാണ്.
മീഡിയ സെന്റര്‍ തുറന്നു
കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ സെന്റര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എസ്എസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചിത്രകാരന് പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്മാന് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിഡിഇ സി. മനോജ്കുമാര്‍ മുഖ്യാതിഥിയായി. ശില്പി ഗുരുകുലം ബാബു, മീഡിയ കമ്മിറ്റി വൈസ് ചെയര്മാന്മാരായ സുബൈര്‍ കൊളക്കാടന്‍, പി.കെ. സജിത്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിന്ധ്യമേരി ജോണ്‍, പ്രധാനാധ്യാപിക റെനറ്റ് ഷെറീന സെല്‍വരാജ്, പിടിഎ പ്രസിഡന്റ് പ്രവീണ്‍ നായര്‍, പി.എം. മുഹമ്മദലി, മുഹമ്മദ് ഷനൂദ്, എം.പി.ഫാസില്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ പി.കെ. അബ്ദുല്‍സത്താര്‍, എം.എ.സാജിദ് എന്നിവര്‍ പ്രസംഗിച്ചു.