മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി കേന്ദ്രം: കേന്ദ്രത്തിന്റെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗികള്‍
1479816
Sunday, November 17, 2024 6:56 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ രക്തജന്യ രോഗികള്‍ക്ക് പ്രതീക്ഷ.
പ്രശ്നത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നകാര്യം ദയാപൂര്‍വം പരിശോധിക്കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടരി അഷുതോഷ് കുമാര്‍ അഗര്‍വാള്‍ സംസ്ഥാന നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കയാണിപ്പോള്‍. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്നും ഇത് സംസ്ഥാന നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പരിധിയില്‍ വരുന്നതാന്നെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ലോക ജനിതക രക്ത വൈകല്യദിന റാലിയോടനുബന്ധിച്ച് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ധക്ക് സമര്‍പ്പിച്ച നിവേദനത്തിന് മേലുള്ള നടപടിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. കേന്ദ്ര നടപടിയെ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് പുറമെ ജനിതക രക്തരോഗങ്ങള്‍ പ്രതിരോധിക്കാന്‍ നടപടിയെടുക്കണമെന്നും രക്തജന്യ രോഗികള്‍ക്ക് സാമൂഹ്യ നീതിയും തൊഴിലവസരവും ഉറപ്പാക്കണമെന്നും മറ്റുമാണ് നിവേദനത്തിലെ മറ്റ് ആവശ്യങ്ങള്‍.