മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ച് ലീഗ്
1480253
Tuesday, November 19, 2024 6:29 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്‍ദ്ദ ത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂവെന്നും ലീഗ് മുഖപത്രം വിമര്‍ശിച്ചു.
ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായിനീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്ക്കുന്നത്. ബിജെപിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്വാദങ്ങളേറ്റുവാങ്ങുമ്പോള് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്.
മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്പതുവട്ടം വിളിച്ചു പറയുന്ന മതനിരപേക്ഷതയോട് ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ ഈ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയുമല്ലേ വേണ്ടത്. ഈ ചരിത്രമുഹൂര്‍ത്തത്തെ കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന് സ്വയം ചെറുതാവുകയാണ് ചെയ്യുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.