കോട്ടമുഴിപാലത്തിന്റെ പാർശ്വഭിത്തി തകർന്ന സംഭവം; സമഗ്രമായ അന്വേഷണം വേണമെന്ന്
1480454
Wednesday, November 20, 2024 5:14 AM IST
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു.
പാലത്തിന്റെ പാർശ്വഭിത്തി തകർന്ന സാഹചര്യത്തിൽ തുടർ പ്രവൃത്തികൾ പഞ്ചായത്തുമായി ആലോചിച്ച് വേണമെന്ന നിർദേശം നൽകിയതായും പ്രസിഡന്റ് പറഞ്ഞു. രാത്രി ആയതുകൊണ്ടും നിർമാണ തൊഴിലാളികൾ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടും മാത്രമാണ് വൻ ദുരന്തം ഒഴിവായത്. നാലര കോടിയോളം മുടക്കിയുള്ള നിർമാണ പ്രവൃത്തിക്കിടെ ആവശ്യമായ ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടാകാറില്ലെന്നും അശാസ്ത്രീയമായ നിർമാണമാണ് എന്നുമുള്ള നാട്ടുകാരുടെ പരാതി പൊതുമരാമത്ത് വകുപ്പോ കരാർ കമ്പനിയോ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
ശക്തമായ മഴയോ ഇരുവഴിഞ്ഞി പുഴയിൽ ശക്തമായ ഒഴുക്കോ ഇല്ലാത്ത സമയത്താണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, പഞ്ചായത്ത് അംഗങ്ങളായ മജീദ് രിഹ്ല, യു.പി. മമ്മദ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
അടിമുടി പരിശോധനയും ദ്രുതഗതിയിൽ
പൂർത്തീകരണവും നടക്കണം: മുസ്ലിംലീഗ്
കൊടിയത്തൂർ: നാലര കോടി രൂപ ചെലവിൽ പുനർനിർമാണം നടന്നുവരുന്ന കോട്ടമുഴി പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു പുഴയിലേക്കുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച് പാലം എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ആവശ്യപ്പെട്ടു. സാങ്കേതിക പരിജ്ഞാനമുള്ള ഡിസൈൻ വിഭാഗം പരിശോധന നടത്തി പുഴയോരത്തിന് അനുയോജ്യമായ ഡിപിആർ തയാറാക്കി ഉടൻ നിർമാണം പൂർത്തിയാക്കണം. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് പണി പൂർത്തിയാകും മുമ്പേ കരിങ്കൽഭിത്തി തകരാൻ കാരണമെന്നതിൽ സംശയമില്ല.
തകർന്ന ഭിത്തിയുടെ അവശേഷിക്കുന്ന ഭാഗം ഏറെ അപകടാവസ്ഥയിലാണുള്ളത്. ഇതിനും ഉടനെ പരിഹാരമുണ്ടാകണം. 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും നടക്കുന്ന പാലം പുനർ നിർമാണം പത്തുമാസമായിട്ടും പൂർത്തിയാകാത്തതിൽ മുസ്ലിംലീഗ് ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.