അടി, പോര് വിളി, വാഹനം തടയല്‍, കല്ലേറ്... അടിയോടടി
1479820
Sunday, November 17, 2024 6:56 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: അടി, പോര് വിളി, വാഹനം തടയല്‍, കല്ലേറ്... കോഴിക്കോട് നഗരം സമീപകാലത്തൊന്നും കാണാത്തരീതിയിലുള്ള അക്രമമാണ് ചേവായൂർ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്.വര്‍ഷങ്ങളായി ബാങ്കില്‍ അക്കൗണ്ടുകളുള്ള പ്രായമായവര്‍ക്ക് പോലും വോട്ട് ചെയ്യാന്‍ കഴിയാതെ പോകുന്ന അവസ്ഥ. ദൂരസ്ഥലങ്ങളില്‍നിന്നും എത്തിയവരുടെ വാഹനങ്ങള്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയപ്പോള്‍ പലരും പകച്ചുനിന്നു.
കോഴിക്കോട് കുതിരവട്ടം റോഡ് ഇന്നലെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമായി മാറുകയായിരുന്നു. പോലീസിന് പോലും കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞില്ല. പോളിംഗ് ബൂത്തിലേക്കുള്ള റോഡുകളെല്ലാം മണിക്കൂറുകളോളം അടച്ചിടുകയായിരുന്നു. രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി.
കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പരസ്പരം കസേരകള്‍ എടുത്തായിരുന്നു തമ്മില്‍ തല്ല്. തുടക്കത്തില്‍ നിസംഗത പാലിച്ച പോലീസ് അവസാന നിമിഷമാണ് ഇടപെട്ടത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
വോട്ടര്‍മാരെ കൊണ്ടുവന്ന വാഹനങ്ങള്‍ക്കുനേരേ ആക്രമണം
ഇന്നലെ രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്കുനേരേ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.
വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കോവൂര്‍ സ്വദേശി പ്രസീദ് വെളിപ്പെടുത്തി. കള്ള വോട്ടിന് പിന്നില്‍ നിലവിലെ ഭരണ സമിതി എന്ന് ആരോപണവും ഉയർത്തി. ഇതിനൊപ്പം 78 കാരനായ അംഗം പി.എസ്. ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നും പരാതിയുണ്ടായി.
ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തുവെന്ന പരാതിയും ഉയര്‍ന്നു. ഒരു ബൂത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ മറ്റ് ബുത്തുകളില്‍ ക്രമക്കേട് നടന്നുവെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.
വീറും വാശിയും കൂട്ടി അഭിമാന പോരാട്ടം
കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം നടന്നത്.ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം. പിന്തുണയോടെ മല്‍സരിച്ചത്.35,000 ത്തിനടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്.
ഭരണസമിതി ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.കെ. രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.തുടര്‍ന്ന് ഇവരെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. ഇതോടെ ബാങ്ക് തെരഞ്ഞെടുപ്പ് ഇരുകൂട്ടര്‍ക്കും അഭിമാന പോരാട്ടമായി മാറി. വോട്ടെടുപ്പ് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തില്‍ സംഘടിച്ചെത്തിയിരുന്നു.
ഹര്‍ത്താലുമായി സഹകരിക്കില്ല: വ്യാപാരികള്‍
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സംഘർഷത്തിന് പിന്നാലെ ഇന്ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച കോൺഗ്രസിനെതിരേ വ്യാപാരികൾ.
ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.