ജൈവ പച്ചക്കറിത്തോട്ടവും പാര്ക്കുമൊരുക്കി വേനപ്പാറ എല്‍എഫ് യുപി സ്കൂള്‍
1480090
Monday, November 18, 2024 6:56 AM IST
താമരശേരി: കൃഷിഭവന്റെ പോഷകത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച ജൈവ പച്ചക്കറി കൃഷിയിടവും ജൈവ വൈവിധ്യ പാര്ക്കുമൊരുക്കി ഹരിത വിദ്യാലയ അങ്കണം തീര്‍ത്ത വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ കൃഷി, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.കെ. ശ്രീവിദ്യ, കൃഷി ഓഫീസര്‍ ടിന്‍സി ടോം, മുക്കം ഉപജില്ലാ നൂണ്മീല് ഓഫീസര്‍ എസ്. ശ്രീജിത്ത് എന്നിവരാണ് സ്കൂള്‍ കൃഷിയിടത്തില്‍ സന്ദര്‍ശനം നടത്തിയത്. വേനപ്പാറ സ്കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഉദ്യോഗസ്ഥ സംഘം അഭിപ്രായപ്പെട്ടു. പയര്‍, വെണ്ട, പച്ചമുളക്, പാവല്‍, വഴുതന, ചോളം, ഔഷധസസ്യങ്ങള്‍, 150 ലേറെ വൃക്ഷത്തൈകള്‍, മുളങ്കൂട്ടങ്ങള്‍ എന്നിവ വ്യത്യസ്ത പ്ലോട്ടുകളില്‍ നട്ടുപരിപാലിക്കുന്നതില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മറ്റു ജീവനക്കാരെയും സന്ദര്‍ശക സംഘം അഭിനന്ദിച്ചു.
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന് ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, പി.എം.ഷാനില്‍, സുനീഷ് ജോസഫ്, ശില്പ ചാക്കോ, പാചക തൊഴിലാളികളായ ഗിരിജ, പാര്‍വതി, വിദ്യാര്‍ഥി പ്രതിനിധി പി.നിയ എന്നിവര്‍ പ്രസംഗിച്ചു. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗപ്പെടുത്തുന്നത്.