ഓട്ടമുണ്ട്... കാശില്ല, റവന്യൂ വകുപ്പില്‍ കരാര്‍ ഡ്രൈവര്‍മാര്‍ക്ക് ദുരിതം
1479813
Sunday, November 17, 2024 6:56 AM IST
കോഴിക്കോട്: റവന്യൂ വകുപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. വണ്ടികള്‍ക്ക് നാല് മാസത്തെ വാടക കുടിശfക നല്‍കാത്തതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ജില്ലയില്‍ പതിനഞ്ചോളം വണ്ടികളാണ് റവന്യൂ വകുപ്പിനായി ഓടുന്നത്. മാസം 35,000 രൂപവരെയാണ് ഇവരുടെ വാടക. ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് കരാര്‍ കാലാവധി. ജൂണ്‍ മാസം വരെയുള്ള തുക ലഭിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം, ഭൂമി തരംമാറ്റല്‍ നടപടിയോടനുബന്ധിച്ച് ഓടിയ വണ്ടികള്‍ക്ക് ജൂലൈ, ആഗസ്ത്, സെപ്റ്റംബര്‍ , ഒക്ടോബര്‍ മാസങ്ങളിലെ വാടക ഇനിയും കിട്ടിയിട്ടില്ല.
രാവിലെ ഒമ്പതരക്ക് തുടങ്ങുന്ന സര്‍വീസ് അവസാനിക്കുമ്പോള്‍ വൈകിട്ട് അഞ്ചരയാകും അതിനാല്‍ മറ്റ് സര്‍വീസുകള്‍ക്ക് പോകാന്‍ സാധിക്കില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്ത സ്ഥിതിയാണ്. വാഹനത്തിന്റെ അടവ് തന്നെ മാസം 17,000 ത്തിന് മുകളിലാണ് നാല് മാസമായി വണ്ടിയുടെ അടവും നിലച്ചിരിക്കുകയാണ്.
റവന്യൂ വകുപ്പ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ മുമ്പ് ഫണ്ടില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ ഫണ്ട് ഫൈനാന്‍സിലേക്ക് കൈമാറി എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം, ഡ്രൈവര്‍മാര്‍ക്ക് തുക നല്‍കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും സ്പാര്‍ക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തടസം മാറുന്നതോടെ തുക വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
റവന്യൂവകുപ്പിന് പുറമേ കെഎസ്ഇബി ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ പുറമെ നിന്നുള്ള വാഹനങ്ങള്‍ വാടകക്ക് എടുക്കാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം കൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിക്കുന്നില്ല. ശമ്പളം ഒഴിച്ചുള്ള ചെലവുകള്‍ അതാത് സ്ഥാപനങ്ങള്‍ സ്വയം വഹിക്കണമെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ റവന്യൂവകുപ്പിനുവേണ്ടി വാഹനം വാടകയ്ക്ക് നല്കിയവര് പ്രതിഫലത്തിന് ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
സ്വന്തം ലേഖകന്‍