വയലട-വട്ടച്ചിറ റോഡ് യാഥാര്‍ഥ്യമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
1480241
Tuesday, November 19, 2024 6:29 AM IST
കൂരാച്ചുണ്ട്: പനങ്ങാട് പഞ്ചായത്തിലെ വയലട ടൂറിസം കേന്ദ്രത്തെയും കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വയലട-വട്ടച്ചിറ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി റോഡ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. രാജന് ഉറുമ്പില്‍, ജോസഫ് വെട്ടുകല്ലേല്‍, കെ.ജി. അരുണ്‍, പയസ് വെട്ടിക്കാട്ട്, സുരേന്ദ്രന് വയലട, സണ്ണി പ്ലാത്തോട്ടം, പ്രബീഷ് തളിയോത്ത്, എന്‍.കെ. കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വട്ടച്ചിറയില്‍ നിന്നും വയലടയിലേക്ക് കുടിയേറ്റകാലം മുതല്‍ നടപ്പുവഴിയുണ്ടായിരുന്നു. 3.5 കിലോമീറ്റര്‍ ദൂരം മാത്രം വരുന്ന വട്ടച്ചിറ - വയലട റോഡ് യാഥാര്‍ഥ്യമായാല്‍ ടൂറിസം മേഖലക്ക് ഏറെ ഉണര്‍വേകും. റോഡിനാവശ്യമായ ഭൂമി ഭൂരിഭാഗവും നാട്ടുകാര്‍ വിട്ടു നല്‍കിയിട്ടുണ്ട്. പോളി കാരക്കട, വി.എം കുട്ടികൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് (രക്ഷാധികാരികള്‍), ജോസഫ് വെട്ടുകല്ലേല്‍ (ചെയര്മാന്), രാജന് ഉറുമ്പില്‍ (വര്‍ക്കിംഗ് ചെയര്മാന്), എന്‍.കെ. കുഞ്ഞമ്മദ് (ജനറല്‍ കണ്‍വീനര്‍), സണ്ണി കുന്നേല്‍ (ട്രഷറര്‍) എന്നിവരടങ്ങുന്നതാണ് ആക്ഷന്‍ കമ്മിറ്റി.