കലാപൂരം കൊടിയേറി...
1480451
Wednesday, November 20, 2024 5:14 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഭാവനയുടെ ചിറകിലേറി കൗമാരകലയ്ക്ക് ഇതള്‍ വിരിഞ്ഞു. രചനാ ലോകത്ത് പുതിയ നാമ്പുകള്‍ പിറന്നു. ചിത്ര രചനയും കവിതാ രചനയും കഥാരചനയും ഉപന്യാസവുമെല്ലാമായി റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനു തുടക്കമായി. ഇന്നുമുതല്‍ നാലുനാള്‍ സാഹിത്യ നഗരത്തിനു വിരുന്നൊരുക്കി പ്രതിഭാസംഗമം. സ്റ്റേജിതര മത്സരങ്ങള്‍ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് നടന്നത്. ഉറുദു കഥാരചനയ്ക്ക് മത്സരാര്‍ഥിയായ ഫിദല്‍ വീല്‍ചെയറില്‍ എത്തിയത് കലോത്സവ വേദിയിലെ വേറിട്ട കാഴ്ചയായി. ചിത്രരചന ഓയില്‍ കളറില്‍ എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ ചിങ്ങപുരം സികെജി എംഎച്ച്എസിലെ കെ. ആരാധ്യ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. നരിക്കുനി ഗവ. എച്ച്എസ്എസിലെ ശ്രീനന്ദ ആര്. അനൂപ് രണ്ടാം സമ്മാനവും സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ ആര്. നീതു കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗം സംസ്കൃതസിദ്ധരൂപം ഉച്ഛാരണത്തില്‍ ആവിലോറഎംഎയുപി സ്കൂളിലെ പി.പി. നദ ബഹ്ജ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.മേളയ്ക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ 8.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എച്ച്എസ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാകും.
മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന് ബെന്യാമിന് മുഖ്യാതിഥിയാകും. മേയര്‍ ഡോ.ബീന ഫിലിപ്പ്, എംപിമാരായ എം.കെ രാഘവന്, ഷാഫി പറമ്പില്‍, പി.ടി.ഉഷ എന്നിവര്‍ പങ്കെടുക്കും.
319 ഇനങ്ങളിലാണ് മത്സരം. മാന്വല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറും. കോഴിക്കോട്ടുകാരായ മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
അച്യുതന് ഗേള്‍സ് ഹൈസ്കൂള്‍, സാമൂതിരി സ്കൂള്‍,വെസറ്റ്ഹില് സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, ബിഇഎം എച്ച്എസ്എസ്, പ്രൊവിഡന്‍സ് എച്ച്എസ്എസ്, പ്രൊവിഡന്‍സ് എല്‍പി, സെന്റ് ആഞ്ചലോസ് യുപി, ഗണപത് ബോയ്സ് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നടക്കാവ്, സെന്റ് ആന്റണീസ് യുപി സ്കൂള്‍, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ഹിമായത്തുല്‍ എച്ച്എസ്എസ്, അച്യുതന് ഗേള്‍സ് എല്‍പി, പരപ്പില്‍ എംഎംഎച്ച്എസ്എസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് എന്നിവിടങ്ങളാണ് വേദികള്‍.