വന്യമൃഗശല്യം കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു
1480086
Monday, November 18, 2024 6:56 AM IST
കോഴിക്കോട്: വന്യമൃഗ ശല്യം മൂലം കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍നിന്നു പിന്നാക്കം പോകുന്നതായും ഇത് കാര്‍ഷിക മേഖലയെ തളര്‍ത്തുന്നതായും ജില്ലാ കാര്‍ഷിക വികസന സമിതി യോഗം വിലയിരുത്തി. വന്യമൃഗശല്യം മലയോര മേഖലയില്‍നിന്നും നഗരാതിര്ത്തികളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഇതിന് പരിഹാരമായി നിലവില്‍ ലൈസന്‍സുള്ള ഷൂട്ടര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണം. നിയമപ്രകാരം വെടിവെച്ചു കൊന്ന വന്യമൃഗങ്ങളെ മറവ് ചെയ്യാന്‍ അനുവദിക്കുന്ന 1000 രൂപ അപര്യാപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സംസ്ഥാനതല കര്‍ഷക അവാര്‍ഡുകള്‍ നേടിയ കെ. നിഷ (മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍), ജയ്സല്‍ (മികച്ച കൃഷി അസിസ്റ്റന്റ്), ജസല്‍ (മികച്ച കൂണ് കര്ഷകന്) എന്നിവരെ യോഗത്തില്‍ ആദരിച്ചു. ജില്ലയില്‍ കാര്‍ഷിക വികസന, കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഫിഷറീസ് ഓഫീസ്, ക്ഷീരവികസന ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിച്ചു പദ്ധതികള്‍ രൂപീകരിച്ചു സര്‍ക്കാരിലേക്ക് നല്കുന്നതിനുമായി അടുത്ത മാസം കര്‍ഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല, നാളികേര വികസന കോര്പറേഷന് ചെയര്മാന് ടി.കെ.രാജന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്.സപ്ന, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ. സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.