ആതുര ശുശ്രൂഷകര്‍ ആരാച്ചാര്‍മാരാവുന്നു: എം.ടി.രമേശ്
1480249
Tuesday, November 19, 2024 6:29 AM IST
കോഴിക്കോട്: ആതുരശുശ്രൂഷകര്‍ ആരാച്ചാര്‍മാരാവുന്ന കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാണുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന് നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.ടി. രമേഷ്. എത്രയൊക്കെ പരാതി വന്നാലും ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുകയുള്ളുവെന്ന വല്ലാത്ത വാശിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കുള്ളത്.
മലബാറിലെ നാലഞ്ച് ജില്ലകളിലെ സാധാരണക്കാരായിട്ടുള്ള ജനങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഓരോ ദിവസവും 10000 കണക്കിന് രോഗികളാണ് ഈ ആശുപത്രിയിലേക്ക് എത്തുന്നത്. അവരെല്ലാവരും ജീവന് പണയപ്പെടുത്തി കൊണ്ടാണ് ഈ ആശുപത്രിയിലേക്ക് എത്തുന്നത്. തിരിച്ചുപോകും എന്ന് ആര്‍ക്കും ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നും എം.ടി. രമേഷ് പറഞ്ഞു.
ജില്ലാ വൈസ്പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി അധ്യക്ഷത വഹിച്ചു. വി.കെ.സജീവന്, ദേശീയ സമിതിയംഗം കെ.പി.ശ്രീശന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്, അഡ്വ.കെ.വി.സുധീര്‍, അഡ്വ.രമ്യ മുരളി, ശശിധരന് നാരങ്ങയില്‍, കെ.പി.വിജയലക്ഷ്മി, പി. രമണിഭായ്, ബിന്ദു ചാലില്‍, പ്രശോഭ് കോട്ടുളി, ടി.റിനീഷ്, ടി.പി.സുരേഷ്, കെ.നിത്യാനന്ദന്, കെ.ഷൈബു, സുധീര്‍ കുന്ദമംഗലം, തിരുവണ്ണൂര്‍ ബാലകൃഷ്ണന്, എന്‍.ശിവപ്രസാദ്, രമ്യ സന്തോഷ്, സി.എസ്.സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു.