യൂത്ത്കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂപ്പണ്‍ ചലഞ്ച് സമാപിച്ചു
1480088
Monday, November 18, 2024 6:56 AM IST
കൂരാച്ചുണ്ട്: കര്‍ഷകനായ അബ്രഹാം പാലാട്ടിയില്‍ കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നുണ്ടായ പിഴ അടച്ച് തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധ കൂപ്പണ്‍ ചലഞ്ച് സമാപിച്ചു. ചലഞ്ചിന്റെ അവസാന കൂപ്പണ്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഏറ്റുവാങ്ങി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ജെറിന് കുര്യാക്കോസ് കൂപ്പണ്‍ കൈമാറി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.എം.രബിന്‍ലാല്‍, അഭിജിത്ത് ഉണ്ണികുളം, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പന്‍കണ്ടി എന്നിവര്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ജോസ്ബിന്‍ ക്യര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കല്‍, സുനീര്‍ പുനത്തില്‍, കര്‍ഷക സംഘടന നേതാക്കളായ കുര്യന് ചെമ്പനാനി, അനു കടുകന്മാക്കല്, സണ്ണി പാരഡൈസ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് കേസ്. അബ്രഹാമിന്റെ ഭാര്യ തെയ്യാമ്മയാണ് കൂപ്പണ്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തത്.
21ന് വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്.ഷഹിന്‍ കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.