കല്ലായിപ്പുഴ ചെളി നീക്കല്‍; സര്‍വേ നീളാന്‍ സാധ്യത
1480246
Tuesday, November 19, 2024 6:29 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട് : ചരിത്രമുറങ്ങുന്ന കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴം കൂട്ടുന്നതിന്റെ ഭാഗമായി നടക്കുന്ന സര്‍വേ നടപടികള്‍ നീളാന്‍ സാധ്യത. നേരത്തെ കണക്കൂകൂട്ടിയതിനേക്കാള് കൂടുതല്‍ ചെളി പുഴയില്‍ അടുഞ്ഞുകൂടിയതായുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന നിഗമനത്തില്‍ എത്തിയത്.
ജലസേചന വകുപ്പാണ് സര്‍വേ നടത്തുന്നത്. പുഴയില്‍ പ്രതീക്ഷിച്ചതിലേറെ ചെളി അടിഞ്ഞുകൂടിയതാണ് സര്‍വേ വൈകാന്‍ കാരണമെന്നാണ് ജലസേചനവകുപ്പിന്റെ വിശദീകരണം. ചെളി നീക്കം ചെയ്യുന്നതിനുള്ള ഫണ്ട് മുഴുവന്‍ കോര്‍പറേഷനാണ് വഹിക്കുന്നത്. പുഴയില്‍നിന്ന് എത്ര ചെളി നീക്കം ചെയ്യാനുണ്ടെന്നറിയാനുള്ള പ്രാഥമിക സര്‍വേ നടപടികളാണ് ഒരാഴ്ച മുന്‍പ് തുടങ്ങിയത്. കോതി പാലത്തിനടുത്ത് കല്ലായിപ്പുഴയുടെ അഴിമുഖത്ത് നിന്നാണ് സര്‍വേ തുടങ്ങിയത്. പുഴയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുകയാണ് സര്‍വേ ലക്ഷ്യം. വെള്ളമില്ലാതെ ചെളി ആഴത്തില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ബോട്ടിലോ നടന്നു പോയോ അവിടെ പരിശോധിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പുഴയില്‍ നാലുകിലോമീറ്ററോളം സ്ഥലത്ത് സര്‍വേ പൂര്‍ത്തിയാക്കുന്നതിന് ഒന്നര മാസം സമയം എടുക്കുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നതെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചുരുങ്ങിയതു രണ്ടര മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
15 മീറ്റര്‍ ഇടവിട്ടാണ് ചെളിയുടെ കണക്കെടുക്കുന്നത് . നേരത്തെയെടുത്ത സര്‍വേയില്‍ നിന്ന് ചെളിയുടെ അളവില്‍ വലിയ വ്യത്യാസം കാണുകയാണെങ്കില്‍ അതിനനുസരിച്ച് അകലത്തില്‍ ആവശ്യമായ മാറ്റം വരുത്താനാണു തീരുമാനം. സര്‍വേ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമെ ചെളി നീക്കം ചെയ്യല്‍ തുടങ്ങാന്‍ കഴിയുകയുള്ളു. മാങ്കാവ് കടുപ്പിനി മുതല്‍ പുഴ കടലില്‍ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റര്‍ ദൂരത്തിലാണ് 2.7 മീറ്റര്‍ ആഴത്തില്‍ ചെളി നീക്കുന്നത്. വെറ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിയാണ് പുഴയിലെ ചെളി നീക്കുക.
12.98 കോടി രൂപയുടേതാണ് പദ്ധതി ആദ്യം നാലരക്കോടിയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് നീണ്ടു പോയത്. 2010-ല്‍ ആണ് ആദ്യം ടെന്‍ഡര്‍ വിളിച്ചത്. ഇപ്പോള്‍ ആറാമത്തെ ടെന്‍ഡറിലാണ് നവീകരണത്തില്‍ എത്തിയത്. കരാറൊപ്പിട്ട സെപ്റ്റംബര്‍ മുതലുള്ള ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്ത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും മലിനമാക്കപ്പെട്ട പുഴകളില്‍ ഒന്നാണ് കല്ലായിപ്പുഴ.
ചെളി കെട്ടി കിടക്കുന്നതിനാല്‍ പുഴയുടെ ആഴം കുറഞ്ഞത് പ്രശ്നമായിരുന്നു. ഇതുകാരണം മഴക്കാലത്ത് നഗരത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമാവുന്നുണ്ട്. പുുഴയുടെ ആഴം കൂട്ടിയാല്‍ മഴവെള്ളം മുഴുവന്‍ പുഴ വഴി കടലില്‍ എത്തും. പുഴയില്‍ ഉള്ള മരത്തടികളും മറ്റു മാലിന്യങ്ങളും മാറ്റാനും പരിപാടിയുണ്ട്. മരത്തടികള്‍ മരവ്യവസായത്തിന്റെ ഉടമകള്‍ തന്നെ എടുത്തുമാറ്റുമെന്ന് ധാരണയായതാണ്.