മുഖ്യമന്ത്രിയുടെ ശ്രമം വര്‍ഗീയ ധ്രുവീകരണം: എന്‍.കെ. പ്രേമചന്ദ്രന്
1467699
Saturday, November 9, 2024 6:25 AM IST
നിലമ്പൂര്‍: വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എന്‍.കെ. പ്രേമചന്ദ്രന് എംപി. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം സംഘടനകളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ ബോധപൂര്‍വമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.
കാല്‍നൂറ്റാണ്ടിലേറെ ജമാഅത്ത് ഇസ്ലാമിയുമായി പ്രത്യക്ഷമായും പരോക്ഷമായും സഖ്യമുണ്ടാക്കിയവരാണ് പിണറായി വിജയനും സിപിഎമ്മും. കുറെ കാലമായി വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ബോധപൂര്മമായ ശ്രമം നടത്തിവരികയാണ്. ഇതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് പ്രിയങ്കാഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവന. ബിജെപിയെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് പിണറായി വിജയന് സ്വീകരിക്കുന്നത്.
തൃശൂര്‍ പൂരത്തിലൂടെ തൃശൂര്‍ മണ്ഡലം ബിജെപിക്ക് സമ്മാനിച്ച പിണറായി വിജയന്, പാലക്കാട് നടത്തിയ പാതിരാ റെയ്ഡിലൂടെ ബിജെപിക്ക് നല്‍കാനുള്ള ശ്രമത്തിലാണ്. വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഭാവിയില്‍ വയനാടിനും കേരളത്തിനും നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അബ്ദുള്‍ നാസര്‍ മദനിയെ കെട്ടിപിടിച്ച് സ്വീകരിക്കുകയും മദനി സ്റ്റേജിലേക്ക് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കുകയും ചെയ്ത പിണറായി വിജയന് പി. ജയരാജന്റെ പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് പിഡിപി ഇസ്ലാമിക രാഷ്ട്രീയം വളര്‍ത്തുന്ന സംഘടനയായി മാറിയെതെന്നും എം.കെ. പ്രേമചന്ദ്രന് പറഞ്ഞു.
വയനാട്ടില്‍ ചരിത്ര ഭൂരിപക്ഷം പ്രിയങ്കാഗാന്ധി നേടും. പാലക്കാട് മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിക്കും. ചേലക്കരയില്‍ ഇക്കുറി വിജയം യുഡിഎഫിനായിരിക്കുമെന്നും പ്രേമചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇക്കുറി ഭിന്നസ്വരങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അംഗം എന്‍.എ. കരീം, ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രമേശന്, പാലോളി മെഹബൂബ്, എ. ഗോപിനാഥ് തുടങ്ങിയ യുഡിഎഫ് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.