പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങി ദുരിതത്തിലായി നാട്ടുകാർ
1460917
Monday, October 14, 2024 4:53 AM IST
വടകര: ജൽജീവൻ മിഷന്റെ പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങി. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവീസ് ബാങ്കിന് സമീപമാണ് ജലവിതരണം മൂന്ന് മാസമായി തടസപ്പെട്ടത്.
അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള 12,13,14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്, കറപ്പകുന്ന്, ബംഗ്ലക്കുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനാണ് മുറിച്ചിട്ടത്. ഇത് മൂലം ജനം നട്ടം തിരിയുകയാണ്.
തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. 400 ഓളം കുടുംബങ്ങൾ ഇതിനെ ആശ്രയിക്കുന്നുണ്ട്. കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ പരക്കെ പ്രതിഷേധം ഉയരുകയാണ്.
ജലക്ഷാമം ഏറെയുള്ള ഭാഗത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്ന് 14-ാം വാർഡ് അംഗം പ്രമോദ് മാട്ടാണ്ടി ആവശ്യപ്പെട്ടു.