"ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണം'
1460916
Monday, October 14, 2024 4:53 AM IST
കോടഞ്ചേരി: ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം ആവശ്യപ്പെട്ടു. ഫീൽഡ് പരിശോധന നടത്തി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് ലഭ്യമാക്കിയ കെഎം എൽ ഫയൽ പ്രകാരമുള്ള റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്.
നാളിതുവരെയായി മേൽ രേഖകൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ല. മലയോര മേഖലയിലെ ജനങ്ങളോട് പറഞ്ഞ വാക്കിന് അൽപമെങ്കിലും വിലയുണ്ടെങ്കിൽ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സമർപ്പിച്ച തിരുത്തലുകൾ ഉൾപ്പെട്ട കെഎംഎൽ ഫയലുകൾ ബയോ ഡൈവേഴ്സിറ്റി സൈറ്റിൽ പ്രസിദ്ധീകരിക്കുകയും അന്തിമവിജ്ഞാപനത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, സണ്ണി കാപ്പാട്ട് മല, കെ.എം. പൗലോസ് എന്നിവർ പ്രസംഗിച്ചു.